റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനി ഉണ്ടാക്കിയത് റഫാല്‍ കരാറിന് 10 ദിവസം മുന്‍പ്: അംബാനിക്കും മോദിക്കുമുള്ള കുരുക്ക് മുറുക്കി കോണ്‍ഗ്രസ്

single-img
27 July 2018

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കുമുള്ള കുരുക്ക് മുറുക്കി കോണ്‍ഗ്രസ് നേതൃത്വം. 35,000 കോടി രൂപയുടെ അഴിമതിയാണ് റഫാല്‍ കരാറിലുടെ ബി.ജെ.പി നേതൃത്വം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

റാഫാല്‍ കരാര്‍ ഒപ്പിടുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് റിലയന്‍സ് ഡിഫന്‍സ് എന്ന സ്ഥാപനം അനില്‍ അംബാനി ആരംഭിച്ചതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മോദി കരാര്‍ ഒപ്പിടുന്നതിന് 10 ദിവസം മുമ്പ് 2015 മാര്‍ച്ച് 28നാണ് റിലയന്‍സ് ഡിഫന്‍സ് എന്ന സ്ഥാപനം നിലവില്‍ വരുന്നത്.

സ്വന്തമായി സ്ഥലമോ കെട്ടിടമോ പോലുമില്ലാത്ത അവസ്ഥയിലാണു റിലയന്‍സിനു കരാര്‍ നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍നിന്നു കരാര്‍ റിലയന്‍സിനു നല്‍കിയത് എന്തിനെന്നു മോദിയും പ്രതിരോധ മന്ത്രിയും വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വെറും അഞ്ച് ലക്ഷം മാത്രമായിരുന്നു കമ്പനി ഓഹരികളിലുടെ സ്വരൂപിച്ചതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 5 ലക്ഷം മാത്രം ഓഹരി മൂലധനമുള്ള കമ്പനിയാണ് 40,000 കോടിയുടെ റഫാല്‍ കരാറില്‍ ഒപ്പുവെച്ചത്. 570 കോടിക്ക് കോണ്‍ഗ്രസ് വാങ്ങാന്‍ തീരുമാനിച്ച റഫാല്‍ വിമാനങ്ങള്‍ 1670 കോടി രൂപക്കാണ് മോദി വാങ്ങിയത്. ഇതിലൂടെ വന്‍ നഷ്ടമുണ്ടായതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ ഇടപാടിന്റെ പ്രഖ്യാപനത്തിന് കേവലം പത്തു ദിവസം മുന്‍പ് മാത്രം രൂപീകൃതമായ ഒരു കമ്പനിക്ക് സാങ്കേതികവിദ്യ കൈമാറാനുള്ള ഫ്രഞ്ച് കമ്പനിയുടെ തീരുമാനത്തിലെ ദുരൂഹത ചൂടാറാതെ ഇപ്പോഴും നിലകൊള്ളുന്നു. രണ്ട് സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മിലുള്ള കരാറാണിതെന്നും ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്നുമാണ് അനില്‍ അംബാനിയുടെ വെളിപ്പെടുത്തല്‍.