ഇന്ത്യയിലെ പട്ടിണി ചിത്രങ്ങള്‍; ഫോട്ടോഗ്രാഫര്‍ മാപ്പ് പറഞ്ഞു

single-img
26 July 2018

ഇന്ത്യയിലെ പട്ടിണിയെക്കുറിച്ച് കാണിക്കാന്‍ എടുത്ത ചിത്രങ്ങള്‍ വിവാദമായപ്പോള്‍ ഫോട്ടോഗ്രാഫര്‍ക്ക് ഒടുവില്‍ മാപ്പ് പറയേണ്ടി വന്നു. ഇറ്റലിയിലെ ഫോട്ടോഗ്രാഫര്‍ അലസ്സിയോ മാമോയാണ് മാപ്പ് പറഞ്ഞത്. സാധാരണക്കാരായ ഇന്ത്യാക്കാര്‍ ആഹാരത്തിന് നേരെ കണ്ണുകള്‍ മറച്ചുനില്‍ക്കുന്ന ഫോട്ടോയാണ് മാമോ പകര്‍ത്തിയത്.

സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാമോ മാപ്പുപറഞ്ഞു. വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷനാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിഭവ സമൃദ്ധമായ ഭക്ഷണത്തിന് നേരെ കണ്ണുകള്‍ മറച്ചുനില്‍ക്കുന്ന ഇന്ത്യാക്കാരുടെ ഫോട്ടോകള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എല്ലാവരും വ്യക്തമാക്കി.

ഇന്ത്യയിലെ സാധാരണക്കാരെ അപമാനിക്കുന്ന തരത്തിലാണ് ചിത്രങ്ങളെന്ന് വിമര്‍ശിച്ചു. തന്റെ ലക്ഷ്യം നല്ലതായിരുന്നുവെന്നും ആഹാരം പാഴാക്കി കളയുന്നതിനെതിരെ ബോധവത്ക്കരണം നടത്തുകയാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്നും മാമോ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, ചിത്രങ്ങളുടെ ഉത്തരവാദിത്തം ഫോട്ടോഗ്രാഫര്‍ക്ക് മാത്രമാണെന്ന് വേള്‍ഡ് പ്രസ് ഫൌണ്ടേഷനും വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം പക്ഷേ ആഗോളതലത്തില്‍ ശ്രദ്ധനേടിയിരുന്നു.