സദാചാര ലംഘനം ആരോപിച്ച് പുറത്താക്കിയ പി.ശശി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സി.പി.എമ്മില്‍

single-img
26 July 2018

സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്നും പുറത്തുപോകേണ്ടി വന്ന കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ മടങ്ങിയെത്തി. ഇതിന്റെ ഭാഗമായി തലശേരി ടൗണ്‍ കോടതി ബ്രാഞ്ചില്‍ ശശിക്ക് അംഗത്വം നല്‍കി. തലശേരി ഏരിയയ്ക്കു കീഴില്‍ അംഗത്വം നല്‍കണമെന്ന ആഗ്രഹം ശശി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.

ശശിയെ തിരിച്ചെടുക്കാനുള്ള സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈംഗികപീഡന ആരോപണക്കേസില്‍ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേട്ട് കോടതി ശശിയെ കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയിലേക്കു മടങ്ങിവരാനുള്ള താല്പര്യം ശശി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സി.പി.എം അനുകൂല തീരുമാനമെടുത്തത്.

‘വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നു എന്ന് പറയുന്നത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി എന്ന നിലയില്‍ ഏറ്റവും അഭിമാനകരമായിട്ടുള്ള കാര്യമാണ്. കേസില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തെറ്റുകാരനല്ലെന്ന് പൂര്‍ണബോധ്യമായതിനെ തുടര്‍ന്നാണ് വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി അംഗമാവുകയാണ് പ്രധാനം. അല്ലാതെ സ്ഥാനമല്ല. പാര്‍ട്ടി അംഗമെന്ന നിലയില്‍ ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്’. പി ശശി പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2011 ജൂലൈയിലാണു പാര്‍ട്ടി പുറത്താക്കുന്നത്. പാര്‍ട്ടിയില്‍നിന്നു പുറത്തായശേഷം അഭിഭാഷകനായി ജോലിയാരംഭിച്ച ശശി മാവിലായിയില്‍ നിന്നു തലശ്ശേരിയിലേക്കു താമസം മാറ്റിയിരുന്നു.

അച്ചടക്ക നടപടിക്കു ശേഷവും സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ശശിക്കു പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസുകളില്‍ വക്കാലത്ത് ലഭിച്ചിരുന്നു. ടിപി വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയടക്കമുള്ള കേസുകളില്‍ ശശി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി കോടതിയില്‍ ഹാജരായി. 2015ല്‍ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റിയിലും ശശിയെ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം, ഔദ്യോഗിക പക്ഷത്തെ പ്രമുഖനായിരുന്ന പി.ശശിക്കെതിരെ പരാതി നല്‍കിയ രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ആദ്യം പരാതി നല്‍കിയ സി.കെ.പി.പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ചു സംസ്ഥാന സമിതിയില്‍നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. മറ്റൊരു പരാതിക്കാരനായ ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്താണ്.