Featured

കൊച്ചിയിലെ ആ മീന്‍കാരി പെണ്‍കുട്ടി ഹനാന്‍ മലയാളികളെ വിഡ്ഢികളാക്കിയോ?; വാര്‍ത്തയിലെ സത്യമിതാണ്

ഇന്നലെ ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ ഹനാന്‍ മലയാളികളെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന് പ്രചരണം. സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു ഇന്നലെ നടന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.

അരുണ്‍ഗോപിയുടെ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച നാടകമാണ് പെണ്‍കുട്ടിയുടെ മീന്‍വില്‍പനയെന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് തമ്മനത്ത് ഹനാന്‍ മീന്‍ വില്‍പന തുടങ്ങിയതെന്നും ആരോപണം ഉയര്‍ന്നു. തമ്മനം ഭാഗത്തെ ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു. മലയാളിയുടെ നന്മ മുതലെടുത്ത പെണ്‍കുട്ടി മാപ്പ് പറയണമെന്നും ഹനാന്‍ തേപ്പുകാരിയാണെന്നും സോഷ്യല്‍ മീഡിയ മുദ്ര കുത്തി.

ലേഖകന് പറയാനുള്ളത് ഇതാണ്

വാര്‍ത്തയില്‍ പറഞ്ഞതെല്ലാം സത്യമാണ്. മറ്റ് ചിലരുമായി ചേര്‍ന്ന് പങ്ക് കച്ചവടം നടത്തിയിരുന്ന പെണ്‍കുട്ടി മൂന്ന് ദിവസം മുമ്പാണ് തമ്മനത്ത് ഒറ്റയ്ക്ക് കച്ചവടം തുടങ്ങിയത്. മുമ്പ് അവതാരകയായും റേഡിയോ പരിപാടികളിലും പങ്കെടുത്തിട്ടുള്ള കുട്ടി മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ അതിസാമര്‍ത്ഥ്യം കാട്ടിയത് ചിലര്‍ മുതലെടുത്തു.

തന്റെ വാര്‍ത്തയില്‍ ഒരിടത്തും പെണ്‍കുട്ടി പട്ടിണിയിലാണെന്നോ ഭക്ഷണം കഴിക്കാന്‍ ഗതിയില്ലെന്നോ പറഞ്ഞിട്ടില്ല. തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മോഹന്‍ലാലുമായി നില്‍ക്കുന്ന ചിത്രം കണ്ട് തെറ്റിദ്ധരിച്ചവരാണ് ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിലെന്നും ലേഖകന്‍ വ്യക്തമാക്കി.


പബ്ലിസിറ്റി സ്റ്റണ്ടല്ലെന്ന് അരുണ്‍ഗോപി

പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തില്‍ ഒരു വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞതെന്നും അത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറഞ്ഞു കേള്‍ക്കുന്നതില്‍ ദു:ഖമുണ്ടെന്നും അരുണ്‍ ഗോപി പറഞ്ഞു.

‘സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കുട്ടിയുടെ പോസ്റ്റ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേതെന്ന ചിന്തയോടെയാണ് ആ കുറിപ്പ് അവിടെ എഴുതിയത്. ‘ഈ കുട്ടിക്ക് ഒരവസരം നല്‍കിയാല്‍ സഹായകമാകും ചേട്ടാ’ എന്നൊരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാന്‍ അതിന് മറുപടി പറയുകയും ചെയ്തു.

മാധ്യമങ്ങള്‍ വഴി അറിഞ്ഞ വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുക്കുന്നത്.’ ‘പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി നാടകമാണെന്നൊക്കെ പറഞ്ഞുപരത്തുന്നത് ദു:ഖകരമാണ്.

പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച് ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാള്‍ക്ക് സഹായകരമാകട്ടെ എന്നോര്‍ത്താണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. അതിങ്ങനെയായതില്‍ ദു:ഖമുണ്ട്.’ അരുണ്‍ പറഞ്ഞു.

വേട്ടയാടരുതെന്ന് ഹനാന്‍

പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും ഹനാന്‍. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഹനാന്‍ പറഞ്ഞു. സിനിമയുടെ പ്രചരണത്തിനായി മീന്‍വിറ്റുവെന്ന ആരോപണം തെറ്റാണ്.

കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു. എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി.

അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്. സംവിധായകര്‍ ആരേയും പരിചയമില്ലെന്നും ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാന്‍ പറഞ്ഞു.

കോളേജ് പ്രിന്‍സിപ്പാള്‍

ഹനാന്റെ ദരിദ്രപശ്ചാത്തലം ശരിവെച്ച് കോളേജ് പ്രിന്‍സിപ്പലും രംഗത്തെത്തി. ഹാനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഇല്ലെന്നും കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. മീന്‍വിറ്റും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഹനാന്റെ കുടുംബപശ്ചാത്തലവും മോശമാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി നിരവധിപേരെത്തിയിരുന്നു.