മോഹന്‍ലാലിനെതിരായ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് സിദ്ധാര്‍ത്ഥ് ശിവ

single-img
25 July 2018

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി കൂടുതല്‍ പേര്‍ രംഗത്ത്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയാണ് മോഹന്‍ലാലിനെതിരായ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയത്.

താന്‍ വളരെ അധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെതിരെ താന്‍ ഒരു ഹര്‍ജി ഒപ്പിട്ടു കൊടുത്തു എന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. നേരത്തെ നടന്‍ പ്രകാശ് രാജും താന്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇങ്ങനെയൊരു നിവേദനത്തെപ്പറ്റി അറിഞ്ഞിട്ടുപോലുമില്ല. അമ്മയുടെ ചില തീരുമാനങ്ങളില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ട്വിറ്റര്‍ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രകാശ് രാജിന്റെ പ്രതികരണം.