മാരുതി സുസുക്കി കാറുകള്‍ തിരികെ വിളിക്കുന്നു

single-img
25 July 2018

മുംബൈ: പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1,200 കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ബാഗ് കണ്ട്രോളര്‍ യൂണിറ്റിലെ തകരാറിനെ തുടര്‍ന്നാണ് പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ തുടങ്ങിയ കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്.

2018 മേയ് ഏഴ് മുതല്‍ ജൂലൈ അഞ്ചു വരെ നിര്‍മിച്ച കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. 566 സ്വിഫ്റ്റ് കാറുകളും 713 സ്വിഫ്റ്റ് ഡിസയര്‍ കാറുകളുമാണ് തിരിച്ചുവിളിച്ചത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തിനല്‍കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതിനിടെ, ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച് 34 വര്‍ഷവും ആറുമാസവും പിന്നിട്ട മാരുതിയുടെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. രാജ്യത്ത് ആദ്യമായി രണ്ടുകോടി കാറുകള്‍ നിര്‍മിക്കുന്ന വാഹന നിര്‍മാതാക്കള്‍ എന്ന റെക്കൊര്‍ഡാണ് മാരുതി കൈപ്പിടിയിലൊതുക്കിയത്.

34 വര്‍ഷവും 6 മാസവും നീളുന്ന കാലയളവിനുള്ളില്‍ 2 കോടി കാറുകള്‍ മാരുതി നിരത്തിലെത്തിച്ചു. ജപ്പാനു പുറത്ത് സുസുക്കി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഗുരുഗ്രാമിലെ നിര്‍മാണ ശാലയില്‍ നിന്ന് നിരത്തിലെത്തിയ ‘ബ്രെസ’ ആണ് കമ്പനിയുടെ ഉല്‍പ്പാദനം രണ്ടു കോടിയിലെത്തിച്ചത്.

മറ്റുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടി പരിഗണിച്ചിരുന്നുവെങ്കില്‍ എത്രയോ നേരത്തെ ആകെ ഉത്പാദനം രണ്ടുകോടിയില്‍ എത്തിയിരുന്നു. എന്നാലിപ്പോള്‍ കയറ്റുമതി കൂട്ടാതെയാണ് സ്വപ്നനേട്ടമായ രണ്ടു കോടിയിലേക്ക് എത്തിയിരിക്കുന്നത്. ജപ്പാനെ അപേക്ഷിച്ചു കൂടുതല്‍ വേഗത്തിലാണു സുസുക്കി ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കിയതെന്ന സവിശേഷതയുമുണ്ട്.

1983 ഡിസംബറില്‍ ഉല്‍പ്പാദനം ആരംഭിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 34 വര്‍ഷവും ആറു മാസവും കൊണ്ടാണ് രണ്ടു കോടി യൂണിറ്റിലേക്കെത്തിയതെങ്കില്‍ ജപ്പാനില്‍ ഈ നേട്ടത്തിലെത്താന്‍ സുസുക്കിക്ക് 45 വര്‍ഷവും ഒന്‍പതു മാസവും വേണ്ടി വന്നിരുന്നു.

ആദ്യ 50 ലക്ഷം പിന്നിടാന്‍ 21 വര്‍ഷം കാത്തിരിക്കേണ്ടി വന്ന മാരുതി പിന്നീടുള്ള 13 വര്‍ഷത്തില്‍ 1.5 കോടി കാറുകള്‍ നിര്‍മിച്ചു. 50 ലക്ഷത്തില്‍ നിന്ന് ഒരുകോടി വരെ 72 മാസം കൊണ്ടും ഒരുകോടിയില്‍ നിന്ന് 1.5 കോടി വരെ 50 മാസം കൊണ്ടും 1.5 കോടിയില്‍ നിന്ന് രണ്ടു കോടി വരെ 38 മാസം കൊണ്ടും മാരുതി ഓടിയെത്തി.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ രൂപമായ മാരുതി ഉദ്യോഗ് ലിമിറ്റഡ് 1983 ന്റെ അവസാനം ചെറുഹാച്ച്ബാക്കായ ‘മാരുതി 800’ നിര്‍മിച്ചുകൊണ്ടാണ് വാഹന നിര്‍മാണത്തിനു തുടക്കമിട്ടത്. ആകെ 31.70 ലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ച ‘ഓള്‍ട്ടോ’യാണു രണ്ടു കോടി തികയ്ക്കാനുള്ള കുതിപ്പില്‍ സുസുക്കിക്ക് ഏറ്റവും അധികം സംഭാവന നല്‍കിയത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിച്ചു മുന്നേറിയതിനൊപ്പം കാറുകള്‍ക്കുള്ള ആവശ്യവും വര്‍ധിച്ചത് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സമര്‍ഥമായി പ്രയോജനപ്പെടുത്തി. വ്യത്യസ്ത മോഡലുകളും വന്‍തോതിലുള്ള ഉല്‍പ്പാദനവുമൊക്കെയായി കമ്പനി ഇന്ത്യന്‍ കാര്‍ വിപണിയില്‍ വ്യക്തമായ മേധാവിത്വം നേടിയെടുത്തു.

നിലവില്‍ ഹരിയാനയിലെ ഗുരുഗ്രാമിലും മനേസാറിലുമാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു കോടി കാറുകള്‍ ഈ രണ്ടു ശാലകളിലായാണ് നിര്‍മിച്ചത്. ഇതില്‍ 1.43 കോടി വാഹനം ഗുരുഗ്രാമില്‍ നിര്‍മിച്ചപ്പോള്‍ 56 ലക്ഷം വാഹനങ്ങള്‍ മനേസര്‍ ശാലയില്‍ നിന്നാണ് പുറത്തിറങ്ങിയത്. വിപണിയില്‍ മികച്ച സ്വീകാര്യതയുള്ള ‘ഡിസയര്‍’, ‘ബലേനൊ’, ‘ഓള്‍ട്ടോ’, ‘സ്വിഫ്റ്റ്’, ‘വാഗന്‍ ആര്‍’, ‘വിറ്റാര ബ്രെസ’ തുടങ്ങി പതിനാറോളം മോഡലുകളാണു മാരുതി സുസുക്കി ഇന്ത്യയില്‍ വില്‍ക്കുന്നത്.