ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍

single-img
25 July 2018

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി അദ്ദേഹം സംസാരിച്ചു. താന്‍ ചടങ്ങിനെത്തുമെന്നു അദ്ദേഹം ഇരുവരോടും പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ഇന്നു മാത്രമെ ലാലിനു കൈമാറുകയുള്ളു. ‘അമ്മ’ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ ലാല്‍ ചടങ്ങിനെത്തുമെന്നുറപ്പു നല്‍കുകയായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ പങ്കെടുപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചടങ്ങിലേക്ക് സര്‍ക്കാര്‍ അദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കും. കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിലും മോഹന്‍ലാലിനെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. വിവാദം അനാവശ്യമായി ഉണ്ടാക്കരുതെന്നും മന്ത്രി എകെ ബാലന്‍ താക്കീത് ചെയ്തിരുന്നു.

മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ സിനിമാ മേഖലയില്‍ എന്തോ ചില കുസൃതി നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സും നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും പിണക്കം മറന്ന് ഒരുമിച്ച് നില്‍ക്കണം. കലാരംഗത്ത് ഒത്തൊരുമ ഉണ്ടാകണം. മോഹന്‍ലാലിനെ വിളിക്കാന്‍ തന്റെ കൈയില്‍ നമ്പരില്ല. പക്ഷേ ഞാന്‍ വിളിച്ചാല്‍ അദ്ദേഹം എന്തു വിചാരിക്കുമെന്നും ആശങ്കയുണ്ട്. ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കണമെന്നും താരങ്ങള്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കിയിരുന്നു.