അനുഷ്‌ക ശര്‍മ്മ സസ്യാഹാരിയായി മാറി

single-img
25 July 2018

മൂന്ന് വര്‍ഷം മുമ്പേ അനുഷ്‌ക സസ്യാഹാരിയായി മാറിയെങ്കിലും ഇത് ഇപ്പോഴാണ് പുറം ലോകം അറിയുന്നത്. മൃഗങ്ങളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് അഥവാ പെറ്റയുടെ പരസ്യത്തിലാണ് സസ്യാഹാരിയായുള്ള മാറ്റം അനുഷ്‌കാ ശര്‍മ്മ പുറത്തറിയിച്ചത്.

ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നാണ് സസ്യാഹാരത്തിലേക്കുള്ള മാറ്റമെന്നാണ് അനുഷ്‌ക ഇതിനെ വിശേഷിപ്പിച്ചത്. സസ്യാഹാരിയായ ശേഷം കൂടുതല്‍ ആരോഗ്യവതിയും ഉന്മേഷവതിയുമായി മാറിയെന്ന് അനുഷ്‌ക പറയുന്നു. തന്റെ ഭക്ഷണത്തിന് വേണ്ടി ഇനി ഒരു മൃഗത്തേയും കൊല്ലേണ്ടി വരില്ലല്ലോ എന്ന സമാധാനമാണ് ഇപ്പോഴുള്ളതെന്ന് അനുഷ്‌ക വിശദീകരിക്കുന്നു.

മൃഗങ്ങള്‍ മനുഷ്യരുടെ സ്വന്തമല്ല, അതിനാല്‍ തന്നെ അവയെ ഭക്ഷിക്കാനും മനുഷ്യര്‍ക്ക് അവകാശമില്ല എന്ന് അനുഷ്‌ക ട്വിറ്ററില്‍ കുറിച്ചു. ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങള്‍ക്ക് വേണ്ടി മുംബൈയില്‍ ഒരു പുനരധിവാസ കേന്ദ്രം തുറക്കുമെന്ന് അനുഷ്‌ക പ്രഖ്യാപിച്ചു.

ദീപാവലിക്കും മറ്റാഘോഷങ്ങള്‍ക്കും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കി മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും അനുഷ്‌ക പറഞ്ഞു. ലാറാ ദത്ത, മാധവന്‍, സോനു സൂദ്, ഷാഹിദ് കപ്പൂര്‍, ഇഷാ ഗുപ്ത തുടങ്ങിയ താരങ്ങളും മുമ്പ് മാംസാഹാരം ഉപേക്ഷിച്ച് പെറ്റയ്ക്ക് വേണ്ടി സഹകരിച്ചിട്ടുണ്ട്.