വനംമന്ത്രി കെ.രാജുവിന്റെ വാഹനം തടഞ്ഞ് കന്യാസ്ത്രീയുടെ ഒറ്റയാള്‍ പ്രതിഷേധം

single-img
22 July 2018

തകര്‍ന്ന റോഡിലൂടെയുള്ള യാത്രാദുരിതവും കാട്ടാനശല്യവും പറയാന്‍ അട്ടപ്പാടിയില്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് ഒറ്റയാള്‍ പ്രതിഷേധം. പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കെ. രാജുവിന്റെ വാഹനമാണ് ഷോളയാര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ റിന്‍സി തടഞ്ഞത്.

മന്ത്രിയോട് ആന നശിപ്പിച്ചസ്ഥലം കാണണമെന്ന് സിസ്റ്റര്‍ റിന്‍സി ആവശ്യപ്പെട്ടു. മന്ത്രി പരാതി കേള്‍ക്കുമെന്നും അങ്ങോട്ട് വരുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ചെവിക്കൊണ്ടില്ല. കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, മന്ത്രി പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രശ്‌നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍ വിഷയത്തില്‍ ഇടപെട്ട് മന്ത്രിയുടെ വാഹനം കടത്തിവിട്ടു. എന്നാല്‍ സിസ്റ്റര്‍ മന്ത്രിയെ തടയുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായി.

ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. അഞ്ച് തവണ കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തു. ചുമരും കന്നുകാലിത്തൊഴുത്തും തകര്‍ത്തു. കപ്പ, തെങ്ങ് കൃഷികളും നശിപ്പിച്ചു. സമീപത്തെ വീടുകളിലും സമാന സ്ഥിതിയാണ്. അവസാനം ഗതികെട്ടപ്പോഴാണ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ റിന്‍സി രാജുവിന്റെ വാഹനം ഒറ്റക്ക് തടഞ്ഞത്.