മോദിയുടെ ജനപ്രീതി വര്‍ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി

single-img
22 July 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാവുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഗ്‌വാല്‍. രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം നടന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ കാലത്താണ് ‘അവാര്‍ഡ് തിരിച്ചുകൊടുക്കല്‍’ സംഭവങ്ങള്‍ കൂടുതലായുണ്ടായത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ കാലത്ത് ആള്‍ക്കൂട്ട കൊലപാതകമായിരുന്നു പ്രധാന സംഭവം.

2019ലെ തിരഞ്ഞെടുപ്പാകുമ്പോള്‍ മറ്റെന്തെങ്കിലുമാകും ഉണ്ടാകുക. പ്രധാനമന്ത്രി മോദി നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നത് അദ്ദേഹം അഭിപ്രായപ്പെട്ടു. 1984 ലെ സിഖ് കൂട്ടകൊലയാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ട ആക്രമണമെന്നും മന്ത്രി പറഞ്ഞു.

രാജസ്ഥാനിലെ ആക്രമണത്തെ അപലപിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. മോദിയുടെ ജനപ്രീതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരം സംഭവങ്ങള്‍ മോദിയുടെ ജനപ്രീതി ഉയര്‍ത്തുകയെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ജലവിഭവ സഹമന്ത്രിയാണ് അര്‍ജുന്‍ റാം മേഗ്വാള്‍.