കേരളത്തിന് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് കിരണ്‍ റിജ്ജു

single-img
21 July 2018

ആലപ്പുഴ: കാലവര്‍ഷക്കെടുതി നേരില്‍ക്കണ്ട് വിലയിരുത്താന്‍ മന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. കാലവര്‍ഷം വളറെയേറെ ദുരിതം വിതച്ച ആലപ്പുഴയില്‍ സംഘം സന്ദര്‍ശനം നടത്തി. കെടുതി നേരിടാന്‍ കേരളത്തിന് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

കാലവര്‍ഷക്കെടുതിയെ കേരളവും കേന്ദ്രവും ഒരുമിച്ച്‌ നേരിടുമെന്നും മന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതി സംഭവിച്ച എറണാകുളം, കോട്ടയം, ആലപ്പുഴ, ജില്ലകള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എന്നാല്‍ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തോട് നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന പ്രതിനിധികള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

കേരളത്തിന് ഇതിനോടകം 80 കോടി നല്‍കിക്കഴിഞ്ഞെന്നും സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളും പരിഗണിക്കാനാകുമോ എന്ന് നോക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. നിലവില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് കേന്ദ്രസഹായമായി ലഭിക്കുന്നത് 95,000 രൂപയാണ്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നും വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയെങ്കിലും നല്‍കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.