പ്രിയയെ കടത്തിവെട്ടി രാഹുലിന്റെ കണ്ണിറുക്കൽ; ‘മാണിക്യമലർ” ആരെന്ന് സോഷ്യൽ മീഡിയ

single-img
20 July 2018

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ശേഷമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ വീഡിയോ വൈറലായി. രാഹുലിന്റെ കണ്ണിറുക്കലിനെ ഒമര്‍ ലുലുവിന്റെ ‘അഡാര്‍ ലൗ’ സിനിമയിലെ പ്രിയാ വാരിയറുടെ കണ്ണിറുക്കലിനോടാണ് ട്രോളന്മാര്‍ താരതമ്യം ചെയ്യുന്നത്. രാഹുലിന്റെയോ പ്രിയയുടെയോ ഏറ്റവും നല്ല കണ്ണിറുക്കല്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും മണിക്കൂറുകള്‍ക്കുളളില്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും നിറഞ്ഞിട്ടുണ്ട്. ലോക്‌സഭാ സമ്മേളനത്തിനിടെ ബെഞ്ചില്‍ നിന്ന് എഴുന്നേറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത ശേഷം ബെഞ്ചില്‍ തിരിച്ചെത്തിയാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അംഗങ്ങളെ നോക്കി കണ്ണിറുക്കല്‍ നടത്തിയത്.

ഒട്ടും സമയം പാഴാക്കാതെ ഇതിനെ ട്രോളര്‍മാര്‍ ഏറ്റെടുക്കുകയും ചെയ്തു. ചൂടുപിടിച്ച ചർച്ചയ്‌ക്കിടയിൽ രാഹുലിന്റെ അപ്രതീക്ഷിത ഇടപെടലിന് തേജസ്വി യാദവ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ട്വിറ്ററിൽ കയ്യടിച്ച് പിന്തുണച്ചിട്ടുണ്ട്.

അതേസമയം ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തികള്‍ക്കെതിരെ സ്പീക്കര്‍ രംഗത്തുവന്നിട്ടുണ്ട്. ലോക്സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മര്യാദ പാലിക്കണമെന്നാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ദേശം നല്‍കിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സഭാ മര്യാദ രാഹുല്‍ പാലിച്ചില്ല. സഭാ നടപടികള്‍ക്കിടെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ല. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് മാനിക്കണം.