അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ബാരലിന് ഏഴ് ഡോളര്‍ കുറഞ്ഞിട്ടും പെട്രോളിന് കുറച്ചത് വെറും ആറു പൈസ: മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം

single-img
20 July 2018

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞു. ഒമ്പതുദിവസംകൊണ്ട് ക്രൂഡ് വിലയില്‍ ബാരലിന് ഏഴ് ഡോളറിന്റെ കുറവാണുണ്ടായത്. വ്യാഴാഴ്ചയിലെ വിലപ്രകാരം ബ്രന്റ് ക്രൂഡ് ബാരലിന് 72 ഡോളറാണ് വില.

ഇറാന്‍ ഉള്‍പ്പടെയുള്ള പെട്രോളിയം ഉത്പാദന രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതാണ് വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാനുള്ള കാരണം. എന്നാല്‍ വിലക്കുറവ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. പെട്രോളിന് ആറും ഡീസലിന് 12 പൈസയുമാണ് രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറായത്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 76.78 രൂപയും ഡീസല്‍ ലിറ്ററിന് 68.35രൂപയുമാണ് വില. ആഗോള വിപണിയിലെ വിലയും വിനിമയ നിരക്കും നികുതികളും ചേര്‍ത്താണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്നത്. ക്രൂഡ് വില കുറഞ്ഞിട്ടും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാത്തതില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.