പ്രധാനമന്ത്രിയ്ക്ക് വിദേശത്തേക്ക് പറക്കാന്‍ കേന്ദ്രം ചിലവാക്കിയത് 1484 കോടി: കണക്കുകള്‍ പുറത്ത്

single-img
20 July 2018

2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 1,484 കോടി രൂപയെന്ന് കേന്ദ്ര സര്‍ക്കാര്‍. 84 രാജ്യങ്ങളിലാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റ പണിനടത്തുന്നതിനും ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനുമാണ് ഇത്രയധികം തുക ചെലവായത്.

വിദേശയാത്രകളില്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപയും ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടി രൂപയും ചെലവായി. 2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 42 വിദേശയാത്രകളില്‍ 84 രാജ്യങ്ങളാണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചത്.

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ 2017-18 വര്‍ഷങ്ങളില്‍ നടത്തിയ വിദേശയാത്രകളുടെ ഹോട്ട്‌ലൈന്‍ സംവിധാനത്തിനുള്ള ചെലവുകളും 2018 -19 കാലത്തെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ചെലവും ഉള്‍പ്പെടുത്തിയിട്ടില്ല. 2015-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ (24) സന്ദര്‍ശിച്ചത്.

2017-18 ല്‍ 19 ഉം 2016-17 ല്‍ 18 ഉം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014 ലെ ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ആദ്യത്തേത്. 2018 ല്‍ പത്ത് രാജ്യങ്ങളിലേക്ക് യാത്ര നടത്തി.