വീണ്ടും വിദേശ യാത്രക്കൊരുങ്ങി മോദി; അടുത്തയാഴ്ച ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പോകും; റുവാണ്ടയിലേക്ക് 200 പശുക്കളെയും നല്‍കും

single-img
20 July 2018

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ യാത്രക്ക്. മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അടുത്തയാഴ്ച മോദി യാത്ര തിരിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളില്‍ ജൂലൈ 23 മുതല്‍ 27 വരെയാണ് മോദി സന്ദര്‍ശനം നടത്തുക.

ആദ്യം റുവാണ്ടയില്‍ എത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഉഗാണ്ടയും ദക്ഷിണാഫ്രിക്കയും സന്ദര്‍ശിക്കും. റുവാണ്ടയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. 200 പശുക്കളെയും രാജ്യത്തിന് കൈമാറും. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

ഉഗാണ്ടയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് മോദി നടത്തുക. ഉഗാണ്ട പാര്‍ലമെന്റിനെയും ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി പ്രസിഡന്റ് യൊവേരി മുസെവേനിയുമായി പ്രതിനിധിതല ചര്‍ച്ച നടത്തും. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

ബ്രിക്‌സ് അംഗരാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇതോടൊപ്പം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വളര്‍ച്ച, ആരോഗ്യം, പ്രതിരോധ കുത്തിവെപ്പ്, സമാധാനപാലനം, സുസ്ഥിര വികസനം എന്നിവയാണ് ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങള്‍.