കനത്ത മഴയില്‍ സംസ്ഥാനത്തെ 3000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു; കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ

single-img
20 July 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് തിമിര്‍ത്ത് പെയ്ത മഴയില്‍ 3000 കിലോമീറ്ററോളം റോഡ് സഞ്ചാര്യ യോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ നാശമുണ്ടായത്.

കൂടാതെ തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 3000 കോടി രൂപ വേണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. വിശദമായ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

അതേസമയം, സംസ്ഥാനത്തു കനത്ത മഴയ്ക്കു താല്‍കാലിക ശമനം. എന്നാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഒഡീഷയ്ക്കു സമീപം നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദമാണു മഴ തുടരാനുള്ള കാരണം.

വടക്കന്‍ ജില്ലകളിലാവും ശക്തമായ മഴ കിട്ടുക. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയതു കണ്ണൂരാണ് 10 സെന്റിമീറ്റര്‍. ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. കോട്ടയത്തെ വൈക്കം, കുമരകം, ചങ്ങനാശ്ശേരി മേഖലകള്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കുമളി മൂന്നാര്‍ പാതയില്‍ മരം വീണു നെടുങ്കണ്ടത്ത് ഗതാഗതം തടസപ്പെട്ടു. വള്ളക്കാവിലും ചെറുതോണിയിലും നേരിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി. വണ്ടിപ്പെരിയാര്‍ പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.