ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാരിനെ തള്ളി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍; എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാനാകില്ല

single-img
19 July 2018

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം തുടരുന്നു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കിൽ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ ശബരിമലയിൽ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് എതിർത്തു. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നുമാണ് ദേവസ്വം ബോര്‍ഡ് നിലപാട്.

സ്വകാര്യക്ഷേത്രമെന്ന സങ്കല്‍പം ഇല്ലെന്നും ആര്‍ത്തവത്തിന്റെ പേരില്‍ പത്തു വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് കാരണമായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് അസാധ്യമാണെന്നും ബോര്‍ഡ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇത് വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയോണോയെന്ന് സുപ്രീംകോടതി ചോദിച്ചു.

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനാനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം മൗലിക അവകാശങ്ങളുടെ ലംഘനമായിരിക്കും സംഭവിക്കുകയെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അഡ്വ. ജയദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിക്കുന്നത്.