മറ്റൊരു കെവിന്‍ ആകാന്‍ തനിക്ക് താല്‍പര്യമില്ല; മിശ്രവിവാഹിതര്‍ക്ക്‌ എസ്‌ഡിപിഐയുടെ വധഭീഷണി; വെളിപ്പെടുത്തലുമായി ദമ്പതികള്‍

single-img
19 July 2018

തിരുവനന്തപുരം: മിശ്രവിവാഹത്തിന്റെ പേരില്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ പരാതിപ്പെട്ട് കമിതാക്കള്‍.ഫേസ്ബുക്ക്‌ ലൈവ് വീഡിയോയിലൂടെയാണ് തങ്ങളുടെ ജീവന്‌ ഭീഷണിയുള്ളതായി വെളിപ്പെടുത്തി ഹാരിസണ്‍-ഷഹാന ദമ്പതികള്‍ രംഗത്തെത്തിയത്‌.

ആറ്റിങ്ങല്‍ സ്വദേശികളായ ഹാരിസണും ഷഹാനയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. വിവാഹശേഷം ഇരുവരുമൊന്നിച്ചെടുത്ത ഫോട്ടോയും ചൊവ്വാഴ്‌ച ഹാരിസണ്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തിരുന്നു.

ഇതേ തുടര്‍ന്ന്‌ എസ്‌ഡിപിഐയില്‍ നിന്നും ഷഹാനയുടെ വീട്ടുകാരില്‍ നിന്നും വധഭീഷണിയുണ്ടായതായി ഹാരിസണ്‍ ബുധനാഴ്‌ച വൈകുന്നേരം പോസ്റ്റ്‌ ചെയ്‌ത ലൈവ്‌ വീഡിയോയില്‍ ഇരുവരും പറയുന്നു. ഹാരിസണിനേയും ഷഹാനയേയും, ഹാരിസണിന്റെ വീട്ടുകാരേയും കൊല്ലുമെന്ന്‌ ഭീഷണിയുള്ളതായി ഇവര്‍ പറഞ്ഞു.

ക്രിസ്ത്യന്‍ മതവിശ്യാസിയായ ഹാരിസണും മുസ്ലീം മതവിശ്വാസിയായ ഷഹാനയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ഷഹാനയുടെ വീട്ടുകാര്‍ ഹാരിസണിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ഇരുവരും വ്യക്തമാക്കുന്നു.
മറ്റൊരു കെവിന്‍ ആകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹാരിസന്റെ വാക്കുകള്‍ അവസാനിക്കുന്നത്.

ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. Sdpi യും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും..

Posted by Harison Haris Attingal on Wednesday, July 18, 2018