ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീയ്ക്കും പ്രവേശിക്കാം: ശബരിമല പൊതുക്ഷേത്രമെങ്കില്‍ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി

single-img
18 July 2018

ശബരിമല ക്ഷേത്രത്തില്‍ എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ഭരണസമിതി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സുപ്രീംകോടതി. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ ആരാധന നടത്താന്‍ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമര്‍ശം നടത്തി.

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ വാദം കോള്‍ക്കവെ ആണ് കോടതി പരാമര്‍ശം നടത്തിയത്. അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പക്കണമെന്നാണ് നിലപാടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

എന്നാല്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോള്‍ ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു.

ഭരണഘടന അനുസരിച്ച് സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണുള്ളത്. അത് ലംഘിക്കുന്ന തരത്തിലുള്ള എന്തും ഭരണഘടനാവിരുദ്ധമായേ കാണാനാകൂ. ആരാധനയ്ക്ക് സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്ഷേത്രങ്ങള്‍ പൊതുസ്വത്താണ്. സ്വകാര്യ ക്ഷേത്രം എന്നൊന്നില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, ശബരിമലയില്‍ പൂജ നടത്താനുള്ള അവകാശമല്ല, മറിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഹാപ്പി ടൂ ബ്‌ളീഡ് എന്ന സംഘടന കോടതിയെ അറിയിച്ചു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തെ തൊട്ടുകൂടായ്മയായി കാണണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിംഗ് പറഞ്ഞു.

എന്നാല്‍, ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വസത്തിന്റെ തുടര്‍ച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആ വാദം സ്ഥാപിക്കണമെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.

നേരത്തെ. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമപരമായ കാര്യങ്ങള്‍ മാത്രമെ പരിശോധിക്കുകയുള്ളുവെന്നും കോടതി പറഞ്ഞിരുന്നു. കോടതി വ്യക്തമാക്കി. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.