പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജിന്റെ അക്രമം; സ്റ്റോപ് ബാരിയര്‍ അടിച്ചു തകര്‍ത്തു

single-img
18 July 2018

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ് എംഎല്‍എയുടെ അക്രമം. ടോള്‍ നല്‍കാതെ സ്റ്റോപ് ബാരിയര്‍ തകര്‍ത്ത് എംഎല്‍എ വാഹനം ഓടിച്ചുപോയി. ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു എംഎല്‍എ. എന്നാല്‍ അദ്ദേഹം സഞ്ചരിച്ച ആഡംബര കാറില്‍ എംഎല്‍എ ബോര്‍ഡ് ഇല്ലായിരുന്നു. ആളെ തിരിച്ചറിയാതിരുന്ന ടോള്‍ പ്ലാസ ജീവനക്കാര്‍ കൗണ്ടറില്‍ വണ്ടിയെത്തിയപ്പോള്‍ ടോള്‍ ചോദിച്ചു.

ഇതില്‍ പ്രകോപിതനായ എംഎല്‍എ കാറില്‍ നിന്ന് പുറത്തിറങ്ങി ടോള്‍ പ്ലാസയിലെ ബാരിയര്‍ വലിച്ചൊടിച്ച ശേഷം യാത്ര തുടരുകയായിരുന്നു. എംഎല്‍എയ്‌ക്കൊപ്പം ഡ്രൈവറടക്കം മറ്റു മൂന്ന് പേരും കാറിലുണ്ടായിരുന്നു. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പി.സി ജോര്‍ജിന്റെ പ്രതികരണം:

എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തമിഴ്‌നാട്ടിലും ബംഗാളില്‍ നിന്നുള്ള ജീവനക്കാര്‍ തന്നോട് ടോള്‍ ആവശ്യപ്പെടുകയായിരുന്നു.

തന്റെ വാഹനത്തിന് പിന്നില്‍ മറ്റു വാഹനങ്ങളുടെ നിര ഉണ്ടായപ്പോഴാണ് കാറില്‍ നിന്നിറങ്ങി ബാരിയര്‍ ഒടിച്ചതെന്നും ജോര്‍ജ് പറഞ്ഞു. ഒരു എം.എല്‍.എ ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്ന ചോദ്യത്തിന് തന്നെപ്പോലുള്ള എം.എല്‍.എമാര്‍ ഇങ്ങനെയൊക്കെ ചെയ്താലേ പൗരവകാശം സംരക്ഷിക്കാനാകൂവെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

കേരളത്തിലെ എല്ലാ എംഎല്‍എമാരും തന്നെ പോലെ പ്രതികരിച്ചാല്‍ നാട്ടില്‍ നിലനില്‍ക്കുന്ന അനീതിക്ക് കുറേ കുറവുണ്ടാവുമെന്നും സംസ്ഥാനത്തെ മറ്റു ടോള്‍ ബൂത്തുകളിലും താന്‍ സമാനമായ രീതിയില്‍ തന്നെ താന്‍ പ്രതികരിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.