കൊട്ടാരം പോലൊരു വിമാനം: അകത്തെ കാഴ്ചകള്‍ അമ്പരപ്പിക്കുന്നത്

single-img
18 July 2018

റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്റെ അത്യാധുനിക ആഡംബര വിമാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വിമാനമാണ് പുടിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. 4780 കോടിയാണ് വിമാനത്തിന്റെ വില.

പുറത്തുനിന്നു നോക്കിയാല്‍ സാധാരണ വിമാനം തന്നെയാണ്. എന്നാല്‍ അകത്തെ കാബിനുകളിലെ കാഴ്ചകളാണ് അദ്ഭുതപ്പെടുത്തുക. അകത്തെ കാഴ്ചകള്‍ ഒരു കൊട്ടാരത്തിലേതിന് സമാനമാണ്. ഫര്‍ണിച്ചറുകളും ഇന്റീരിയര്‍ ഡിസൈനുകളും നിയോക്ലാസിക്കല്‍ സ്‌റ്റൈലിലാണ് ചെയ്തിരിക്കുന്ന്.

പ്രത്യേകം ഒഫീസ്, ബെഡ്‌റൂം, ജിം എല്ലാം ഈ വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 901 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള പുടിന്റെ വിമാനം വൊറോനെഷ് എയര്‍ക്രാഫ്റ്റ് പ്രൊഡക്ഷന്‍ അസോസിയേഷനാണ് നിര്‍മിച്ചിരിക്കുന്നത്.

പുടിന്റെ സുരക്ഷ മുന്‍നിര്‍ത്തി നാലു വിമാനങ്ങളുണ്ട്. ഇതില്‍ ഏതു വിമാനത്തിലാണ് പുടിന്‍ സഞ്ചരിക്കുക എന്നത് അവസാന നിമിഷം മാത്രമാണ് അറിയുക. ടേക് ഓഫ് ചെയ്യുന്നത് വരെ ഏതു വിമാനത്തിലാണ് പോകുന്നതെന്ന് പുടിന് പോലും അറിയില്ല.

വിമാനം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ശേഷിക്കുന്ന മൂന്നു വിമാനങ്ങളും പുടിന്റെ വിമാനത്തെ പിന്തുടരും. ഏത് മിസൈല്‍ ആക്രമണങ്ങളെയും നേരിടാന്‍ കഴിയുന്ന ഈ വിമാനത്തിലിരുന്ന് മൂന്ന് സേനകളേയും നിയന്ത്രിക്കാനും ആശയവിനിമയം നടത്താനും പുടിന് കഴിയും.