എംജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

single-img
17 July 2018

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു. അതേസമയം, കാലവര്‍ഷം കനത്തതോടെ ദുരിതത്തിലായി ജനങ്ങള്‍. മഴയില്‍ അല്‍പ്പം കുറവുണ്ടായെങ്കിലും വെള്ളപ്പൊക്കം കുറയുന്നില്ല.

പല സ്ഥലങ്ങളിലും വീടുകളിലും കടയ്ക്കുള്ളിലുമടക്കം വെള്ളം നിറഞ്ഞ സ്ഥിതിയാണുള്ളത്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പതിനാറു വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളം ഉയരുന്നതിന് അനുസരിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണു അധികൃതര്‍.

ഇതുവരെ തുറന്ന 111 ക്യാംപുകളിലായി 22,061 പേരാണു കഴിയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്രയും ശക്തമായ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിക്കുന്നതെന്നാണു മുതിര്‍ന്ന തലമുറയടക്കം പറയുന്നത്. രണ്ടു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നു മാത്രം രണ്ടുപേര്‍ മരിച്ചു.

അതിനിടെ, കോട്ടയത്തു വീണ്ടും മഴ കനത്തു. പാല, കോട്ടയം, കുമരകം, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, വൈക്കം, ചങ്ങനാശേരി മേഖലകള്‍ വെള്ളക്കെട്ടിലാണ്. ഒട്ടേറെ സ്ഥലത്തു ജനങ്ങള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നു. മിക്ക റൂട്ടുകളിലും ബസുകള്‍ സര്‍വീസ് നിര്‍ത്തി. റോഡുകളിലെല്ലാം തന്നെ ചെറുവാഹനങ്ങള്‍ ഓടുന്നില്ല. ആലപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. വെള്ളം കയറിയതോടെ കെഎസ്ആര്‍ടിസി അടക്കമുള്ളവ സര്‍വീസ് നടത്തുന്നില്ല.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ. വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് (3.5 മീറ്റര്‍ മുതല്‍ 4.9 മീറ്റര്‍ വരെ) സാധ്യത ഉണ്ടെന്നാണു മുന്നറിയിപ്പ്.

കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിനു പോകരുതെന്നും കേന്ദ്രം അറിയിച്ചു.