മഴ തുടരുന്നു; നിറഞ്ഞു കവിഞ്ഞ് ഡാമുകള്‍; ദുരിതത്തിലായി ജനം; ചില സ്ഥലങ്ങളില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു; കേരളത്തിന് അടിയന്തിര സഹായം വേണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ മോദി

single-img
17 July 2018

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് രണ്ടുമരണം. കോട്ടയം മുണ്ടക്കയത്തുനിന്ന് ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂര്‍ എരുത്തൊടി നാരായണന്‍ ഷോക്കേറ്റ് മരിച്ചു. പൊട്ടിവീണ വൈദ്യുതകമ്പിയില്‍നിന്നാണ് ഷോക്കേറ്റത്. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി.

ഇന്ന് മഴ ഏറ്റവും കൂടുതല്‍ ദുരിതംവിതച്ച ജില്ല കോട്ടയമാണ്. മറ്റ് ജില്ലകളില്‍ മഴയ്ക്ക് ശമനമുണ്ടായിട്ടും കോട്ടയത്ത് പേമാരി തുടരുന്നു. മലവെള്ളപ്പാച്ചിലില്‍ ആറുകള്‍ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം നഗരവും സമീപപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഉഗ്രതാണ്ഡവമാടിയ പേമാരിയില്‍ മീനച്ചിലാര്‍ കോട്ടയം നഗരത്തെയും ഗ്രാമങ്ങളെയും മുക്കി.

കയ്യില്‍ കിട്ടിയതെല്ലാം വാരികൂട്ടിയാണ് നാട്ടുകാരുടെ പലായനം. കോട്ടയം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന നട്ടാശേരി ഉള്‍പ്പെടെ നൂറിലേറെ ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കൂടുതല്‍ ദുരിതാശ്വാസക്യാംപുകളും തുറന്നു. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേനയും എത്തി.

വെള്ളം ഉയരുന്നതിന് അനുസരിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണു അധികൃതര്‍. ഇതുവരെ തുറന്ന 111 ക്യാംപുകളിലായി 22,061 പേരാണു കഴിയുന്നത്. പാല, കോട്ടയം, കുമരകം, ഏറ്റുമാനൂര്‍, കുറുവിലങ്ങാട്, വൈക്കം, ചങ്ങനാശേരി മേഖലകള്‍ വെള്ളക്കെട്ടിലാണ്.

മിക്ക റൂട്ടുകളിലും ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആലപ്പുഴയിലും സ്ഥിതി വ്യത്യസ്ഥമല്ല. വെള്ളം കയറിയതോടെ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണ് കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമായത്.

കേരളതീരത്തും കടലിലും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കനത്തമഴയ്ക്ക് അല്‍പം ശമനം വന്നുവെങ്കിലും മഴക്കെടുതിയില്‍ വലയുകയാണ് എറണാകുളം ജില്ലയും കൊച്ചിയുടെ തീരപ്രദേശങ്ങളും. 51 ദുരിതാശ്വാസ ക്യാംപുകളിലായാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കൊച്ചി മധുര ദേശീയപാതയില്‍ വെള്ളം കയറി തിരുവാങ്കുളം, ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.

കനത്ത മഴയില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക അണക്കെട്ടുകളിലും റെക്കോര്‍ഡ് ജലനിരപ്പു രേഖപ്പെടുത്തിയതോടെ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിതാന്ത ജാഗ്രതയിലാണ്. പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 70 ശതമാനത്തോളം ജലനിരപ്പുയര്‍ന്നു കഴിഞ്ഞു. നിരന്തരമായി ജലനിരപ്പ് പരിശോധിച്ച് സുരക്ഷാനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടില്‍ റെക്കോര്‍ഡ് ജലനിരപ്പാണ് രേഖപ്പെടുത്തിയത്.

അതേസമയം കനത്ത മഴയില്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ സംസ്ഥാനത്തിന് അടിയന്തിര സഹായം അനുവദിക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തോട് സര്‍വ്വകക്ഷി യോഗത്തില്‍ മോദി പ്രതികരിച്ചില്ല. അതേസമയം എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടത്താമെന്നും മുത്തലാഖ് ബില്‍ പാസാക്കണമെന്നും നരേന്ദ്ര മോദി സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.