രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു; ഡബ്ല്യുപിഐ 5.77 ശതമാനത്തില്‍: പെട്രോള്‍ ഡീസല്‍ വിലയും സര്‍വകാല റെക്കോഡിലേക്ക് എത്തിയേക്കും: മോദി സര്‍ക്കാരെ ഇതാണോ നിങ്ങള്‍ പറഞ്ഞ അച്ചാ ദിന്‍

single-img
16 July 2018

രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വില സര്‍വകാല റെക്കോഡിലേക്ക് എത്താന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ഉയര്‍ന്നതും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നതുമാണ് വില വര്‍ദ്ധനയ്ക്ക് കാരണമാകുക എന്നാണ് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 76.61 രൂപയാണ് നിരക്ക്. ഡീസലിന് 68.61 രൂപയുമാണ്. ഇറാന് മേലുള്ള അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിപണികളിലുണ്ടായ അനിശ്ചിതത്വമാണ് അസംസ്‌കൃത എണ്ണ വില ഉയരുന്നതിന് ഇടയാക്കിയത്.

ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് 75 ഡോളറാണ് വില. എന്നാലിത് ബാരലിന് 100 ഡോളര്‍ വരെ ആകാനുള്ള സാദ്ധ്യതയാണ് ഇപ്പോഴുള്ളത്. അതിനാല്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് നൂറ് രൂപയില്‍ എത്തിയേക്കുമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.

അതിനിടെ രാജ്യത്ത് വിലക്കയറ്റം കുതിക്കുച്ചുയരുകയാണ്. മൊത്തവിലസൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള പണപ്പെരുപ്പം 15 മാസത്തെ ഉയരത്തിലെത്തി. ജൂണ്‍ മാസത്തില്‍ 5.77 ശതമാനമാണ് വിലക്കയറ്റം കൂടിയത്. മേയിലെ 4.43 ശതമാനത്തെ അപേക്ഷിച്ചു ഗണ്യമായ കുതിപ്പാണിത്.

ഇത് ഇന്ധന, ഭക്ഷ്യ വില വര്‍ധനവിലേക്ക് നയിക്കും. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 1.60 ശതമാനത്തില്‍ നിന്ന് 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51ല്‍ നിന്ന് 8.12 ശതമാനമായി. ഇന്ധനം ഊര്‍ജം വിഭാഗത്തിലെ കയറ്റം 11.22ശതമാനത്തില്‍ നിന്ന് 16.18 ശതമാനത്തിലേക്ക് കുതിച്ചു. ഉരുളക്കിഴങ്ങിന് 99.02 ശതമാനമാണു വിലക്കയറ്റം. ഉള്ളിക്ക് 13.20ല്‍ നിന്ന് വില 18.25 ശതമാനത്തിലെത്തി. എന്നാല്‍ പയര്‍വര്‍ഗങ്ങള്‍ക്കു ഈ മാസവും വില കുറഞ്ഞു.