കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു

single-img
16 July 2018

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്‌സ്പ്രസ്സിന്റെ എഞ്ചിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലത്ത് യാത്ര അവസാനിപ്പിക്കേണ്ട ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് എഞ്ചിനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്. യാത്രക്കാര്‍ക്കു ആര്‍ക്കും പരിക്കില്ല. അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ പിടിച്ചിട്ടത് അല്‍പനേരം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. കൊല്ലം–എറണാകുളം റൂട്ടിലെ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ ഉടനെയാണ് എന്‍ജിന്‍ മുറിയില്‍ തീപിടിത്തമുണ്ടായത്.

ശബ്ദം കേട്ടു നോക്കിയപ്പോള്‍ തീപ്പൊരിയും പിന്നാലെ പുകയും ഉയര്‍ന്നതായി കാണുകയായിരുന്നു. ഇലക്ട്രിക് എന്‍ജിനിലാണു തീപിടിത്തമുണ്ടായതെന്നാണു സൂചന. ഇതിനോടു ചേര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറുമുണ്ട്. ഷോര്‍ട് സര്‍ക്യൂട്ടാണു കാരണമെന്നു കരുതുന്നു. വെന്റിലേഷന്‍ നല്‍കി മുഴുവന്‍ പുകയും ഒഴിവാക്കി. എന്‍ജിന്‍ ഉപയോഗ യോഗ്യമാണോയെന്നു വ്യക്തമായിട്ടില്ല.