അവകാശികളില്ലാതെ 300 കോടി സ്വിസ് ബാങ്കില്‍; ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകളാണെന്ന് ആരോപണം

single-img
16 July 2018

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടരുമ്പോഴും സ്വിസ് ബാങ്കുകളില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ ഇന്ത്യാക്കാരുടേതെന്ന് കരുതുന്ന 300 കോടിയുടെ സമ്പാദ്യം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് ബാങ്ക് അവകാശികളില്ലാത്ത സമ്പാദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്.

ആവശ്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ അക്കൗണ്ട് ഉടമകള്‍ക്കോ അവകാശികള്‍ക്കോ ഈ തുക കൈമാറുമെന്നാണ് സ്വിസ് അധികൃതരുടെ നിലപാട്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ ഉണ്ടെന്ന വാദങ്ങള്‍ നിലനില്‍ക്കെയാണ് അവകാശികളില്ലാത്ത ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഇത്തരത്തില്‍ 3500 അക്കൗണ്ടുകള്‍ ഉള്ളതില്‍ ആറെണ്ണത്തിന് ഇന്ത്യന്‍ ബന്ധമുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ കണക്ക് കൃത്യമല്ല. ഇതില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതായി ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരേപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ബാങ്കുകളില്‍ ഇല്ല.

അതേസമയം ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ ആകെക്കൂടി നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. 1954 മുതല്‍ ഇവ നിഷ്‌ക്രിയ അക്കൗണ്ടുകളായി നിലനില്‍ക്കുകയാണ്.

വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസാന സമയം കഴിഞ്ഞിട്ടും ഇവയില്‍ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കില്‍ തുക അതാത് രാജ്യങ്ങള്‍ക്ക് കൈമാറിയേക്കും. ഒരുവര്‍ഷത്തിനുള്ളില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പണം കൈമാറും. ഇന്ത്യയ്ക്ക് പുറമെ ജര്‍മനി, ഫ്രാന്‍സ്, യുകെ. അമേരിക്ക, തുര്‍ക്കി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതാണ് പ്രധാനമായും വലിയ നിക്ഷേപങ്ങള്‍ സ്വിസ് ബാങ്കിലുള്ളത്. പാകിസ്താനുള്‍പ്പെടേയുള്ള വികസ്വര അവികസിത രാജ്യങ്ങളില്‍ നിന്നും സ്വിസ് ബാങ്കിലേക്ക് നിക്ഷേപം എത്തിയിട്ടുണ്ട്.

അതേസമയം, 2017ല്‍ ഇന്ത്യാക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച സമ്പാദ്യം 50 % വര്‍ദ്ധിച്ചതായി സ്വിസ് അധികൃതര്‍ റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ താഴ്ചക്ക് ശേഷമാണ് ഇന്ത്യാക്കാരുടെ സ്വിസ് നിക്ഷേപം 1.01 ബില്യന്‍ സ്വിസ് ഫ്രാങ്കിലെത്തിയത് (ഏകദേശം 7000 കോടി). 2017 വര്‍ഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തില്‍ 3 % വളര്‍ച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്കില്‍ പറയുന്നു.