എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്ത സംഭവം: സ്ത്രീധനപീഡനമെന്ന് ബന്ധുക്കള്‍

single-img
16 July 2018

ന്യൂഡല്‍ഹി: ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അനീസിയ ബത്രയെന്ന യുവതിയെയാണ് ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ചയായിരുന്നു സംഭവം.

ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനൊടുക്കുകയാണെന്ന സന്ദേശം അയച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അനീസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആര്‍മി റിട്ടയേര്‍ഡ് മേജര്‍ ജനറലിന്റെ മകളും ജര്‍മ്മന്‍ എയര്‍ലെന്‍സായ ലുഫ്താന്‍സയിലെ എയര്‍ഹോസ്റ്റസുമായിരുന്നു അനീസിയ.

പലപ്പോഴും തന്റെ സഹോദരിയെ ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് അനീസിയയുടെ സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിംഗ്‌വിക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം എന്നീവകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ റൊമില്‍ ബാനിയ അറിയിച്ചു.

പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ പരസ്പരം വഴക്കുകള്‍ പതിവായിരുന്നെന്നും ആത്മഹത്യ നടന്ന ദിവസവും വഴക്കിട്ടുരുന്നുവെന്നും ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി. ഗുര്‍ഗാവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ഭര്‍ത്താവ്. രണ്ട് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്.

ഭര്‍ത്താവിനേയും കുടുംബത്തേയും ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ സിംഗ്‌വിയെ അറസ്റ്റ് ചെയ്യുകയുള്ളുവെന്ന് ഡി.സി.പി വ്യക്തമാക്കി.