ഫ്രാന്‍സിന്റെ ലോകകപ്പ് ജയത്തില്‍ പുതുച്ചേരിക്ക് പ്രത്യേക അഭിനന്ദനം; കിരണ്‍ ബേദിയുടെ ട്വീറ്റിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
16 July 2018

ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തില്‍ ‘മുന്‍ ഫ്രഞ്ച് കോളനിയായ പുതുച്ചേരിക്ക്’ പ്രത്യേക അഭിനന്ദനമറിയിച്ചെഴുതിയ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ട്വീറ്റ് വിവാദമാകുന്നു. ‘പുതുച്ചേരിക്കാരായ നാം ലോകകപ്പ് നേടിയിരിക്കുന്നു, അഭിനന്ദനങ്ങള്‍.. സ്‌പോര്‍ട്‌സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു’ എന്നായിരുന്നു ബേദിയുടെ ട്വീറ്റ്.

പുതുച്ചേരി, മാഹി അടക്കമുള്ള പ്രദേശങ്ങളിലുണ്ടായ ഫ്രഞ്ച് അധിനിവേശത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. എന്നാല്‍ കൊളോണിയല്‍ അധിനിവേശ കാലത്തെ മഹത്വവല്‍കരിക്കുന്നതാണ് ബേദിയുടെ നിലപാടെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ഇംഗ്ലണ്ട് ആയിരുന്നു കപ്പ് നേടിയിരുന്നതെങ്കില്‍, ബ്രിട്ടീഷ് കോളനിയായിരുന്നു ഇന്ത്യ എന്ന കാരണംകൊണ്ട് ഇന്ത്യക്കാരാണ് കപ്പ് നേടിയതെന്ന് പറയുമായിരുന്നോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ഫുട്‌ബോളിനെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് കോളനിവല്‍കരണത്തിന്റെ ചരിത്രം ആവശ്യമില്ലെന്നും മറ്റുചിലര്‍ ചൂണ്ടിക്കാട്ടുന്നു. അടിമ മനോഭാവം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുന്നതെന്നും അവര്‍ പറയുന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് തന്റെ ട്വീറ്റിനെക്കുറിച്ച് വിശദീകരണവുമായി കിരണ്‍ ബേദി മറ്റൊരു ട്വീറ്റും ചെയ്തു. പുതുച്ചേരിക്ക് ഫ്രാന്‍സുമായുള്ളത് ചരിത്രപരമായ ബന്ധമാണുള്ളതെന്നും ആയിരക്കണക്കിന് പുതുച്ചേരിക്കാന്‍ ഫ്രാന്‍സുമായി അടുത്ത ബന്ധമുള്ളവരാണെന്നും അവര്‍ പറയുന്നു. ഫ്രാന്‍സ് പലപ്പോഴും പലതരത്തില്‍ പുതുച്ചേരിയെ പിന്തുണച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.