ദേ… പാടത്തൊരു വിമാനം നില്‍ക്കുന്നു; ചായ്‌നാട്ടിലെ ആളുകള്‍ ഉറക്കമെണീറ്റപ്പോള്‍ കണ്ട കാഴ്ച

single-img
16 July 2018

തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്നും 200 കിലോമീറ്റോര്‍ അകലെയുള്ള ഉള്‍പ്രദേശമായ ചായ്‌നാട്ടിലാണ് ഈ കാഴ്ച. ഒരു സുപ്രഭാതത്തില്‍ നാട്ടുകാര്‍ പാടത്തേക്ക് നോക്കിയപ്പോള്‍ ഒരു വിമാനം നില്‍ക്കുന്നു. പലരും ഇത് സ്വപ്‌നമാണോ എന്നു പോലും സംശയിച്ചു.

മറ്റു ചിലര്‍ വിമാനം തകര്‍ന്നു വീണതാണെന്നും അതല്ല എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം പാടത്തേക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതാകുമെന്നും പറഞ്ഞുപരത്തി. അങ്ങനെ വിമാനം ഇറങ്ങിയ വാര്‍ത്ത നാടാകെ പാട്ടായി. ചായ് നാട്ടുകാര്‍ ഇതുവരെ ഒരു വിമാനം നേരിട്ട് കണ്ടിട്ടില്ല.

അതുകൊണ്ടുതന്നെ വിമാനം കാണാനായി ആ നാട്ടിലെ സകല ആളുകളും തടിച്ചുകൂടി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവര്‍ അറിഞ്ഞത്. ഈ വിമാനം ഗ്രാമത്തിലെതന്നെ ഒരാള്‍ വാങ്ങിയതാണ്. പ്രദേശത്തേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സോംചി ഫുക്യോ എന്നയാളാണ് വിമാനം വാങ്ങിയത്.

തായ് എയര്‍ലൈന്‍സ് സര്‍വ്വീസ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നു സ്‌ക്രാപ്പ് ചെയ്യാനായി ലേലത്തില്‍ വെച്ച വിമാനമാണ് സോംചി വാങ്ങിയത്. എന്‍ജിനും മറ്റ് ഇലക്ട്രിക് ഘടകങ്ങളും അഴിച്ചെടുത്തതിന് ശേഷമാണ് തായ് എയര്‍ലൈന്‍സ് വിമാനം വില്‍പനയ്ക്ക് വെച്ചത്.

ബാങ്കോക്കില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേയ്ക്ക് റോഡുമാര്‍ഗമാണ് വിമാനമെത്തിച്ചത്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വിമാനത്തില്‍ കയറാനും അതിലിരുന്ന് കളി ആസ്വദിക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. ഇവിടെ മോട്ടക്രോസ് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയവ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് സോംചി ഫുക്യോ പറഞ്ഞു.