പ്രതികാര ദാഹികളായ ആള്‍ക്കൂട്ടം 300 മുതലകളെ കൂട്ടത്തോടെ കൊന്നൊടുക്കി

single-img
16 July 2018

തങ്ങളുടെ കൂട്ടത്തിലുള്ള ഗ്രാമീണനെ മുതല വിഴുങ്ങിയതിന് നാട്ടുകാര്‍ പ്രതികാരം ചെയ്തു. കൂട്ടത്തോടെ ആയുധങ്ങളുമായി വന്ന് മുഴുവന്‍ മുതലകളേയും കൊന്നു. ഇന്തോനേഷ്യയിലെ സോറോങ് ജില്ലയിലാണ് നാട്ടുകാര്‍ തങ്ങളുടെ കലി ഈ ഉരഗങ്ങളോട് തീര്‍ത്തത്.

48 കാരനായ സുഗിറ്റോ തന്റെ കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാനായി മുതലകളുടെ ഫാമിന് സമീപം എത്തിയപ്പോഴാണ് അബദ്ധത്തില്‍ മുതലക്കുളത്തിലേക്ക് വീണത്. ഉടന്‍ തന്നെ മുതല ഇയാളെ വിഴുങ്ങി. രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുകയും ഫാം അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഫാം അധികൃതര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായെങ്കിലും പ്രകോപിതരായ നാട്ടുകാര്‍ പക്ഷേ, സുഗിറ്റോയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആയുധങ്ങളുമായെത്തി മുതലകളെ കൊല്ലുകയായിരുന്നു. കത്തിയും വടിവാളും കോടാലിയും ഉപയോഗിച്ചാണ് ആള്‍ക്കൂട്ടം മുതലകളെ കൊന്നൊടുക്കിയത്. ആക്രോഷിച്ചെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കായില്ലെന്ന് പൊലീസ് പറഞ്ഞു.