സ്‌കൂളിലെ പാചകമുറിയില്‍ 60 വിഷപ്പാമ്പുകള്‍

single-img
15 July 2018

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍ സില്ലാ പരിഷാദ് സ്‌കൂളിലാണ് അടുക്കളയില്‍ കൊടുംവിഷമുള്ള 60 പാമ്പുകളെ കണ്ടെത്തിയത്. സ്‌കൂളിലെ പാചകക്കാരി ആഹാരം വയ്ക്കാനായി അടുപ്പില്‍ തീകൂട്ടുകയായിരുന്നു. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറക് കഷ്ണങ്ങള്‍ ഓരോന്നായി അടുപ്പിലേക്ക് വച്ചു.

പെട്ടെന്ന് ഒരു വിറക് എടുത്തപ്പോള്‍ രണ്ട് പാമ്പുകളെ അതിനടിയില്‍ കണ്ടെത്തി. പേടിച്ചുപോയ സ്ത്രീ ബഹളമുണ്ടാക്കി ആളെക്കൂട്ടി. തുടര്‍ന്ന് കൂട്ടിയിട്ടിരുന്ന മറ്റ് വിറകുകള്‍ മാറ്റിയപ്പോഴാണ് 58 പാമ്പുകള്‍ വേറെയും കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടി പാമ്പുകളെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ല.

ഒടുവില്‍ പാമ്പ് പിടുത്തക്കാരന്‍ എത്തി രണ്ടു മണിക്കൂറിനുള്ളില്‍ മുഴുവന്‍ പാമ്പിനേയും കുപ്പികള്‍ക്കുള്ളിലാക്കി. പാമ്പുകളെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.