അധികാരത്തിലിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നു: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

single-img
15 July 2018

നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും പൂര്‍ണശ്രദ്ധ ലഭിക്കുന്ന ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഒന്നും ചെയ്യാത്ത സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും ഇപ്പോള്‍ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് മോദി പറഞ്ഞു. അധികാരത്തില്‍ ഇരുന്നപ്പോള്‍ ജനങ്ങളെ അവഗണിക്കുകയും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെയും ഇരുന്നവരാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.പിയിലെ കുടിവെള്ള മേഖലയ്ക്ക് തന്നെ വലിയൊരു മുതല്‍ക്കൂട്ടാണ് ബന്‍സാഗര്‍ പദ്ധതി. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മിര്‍സാപൂര്‍, അലഹബാദ് ജില്ലകളിലെ കര്‍ഷകര്‍ക്ക് കൃഷിക്ക് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കിഴക്കന്‍ മേഖലയുടെ വികസനത്തിന് വലിയ പ്രധാന്യമാണ് ലഭിച്ചുവരുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൂര്‍വാഞ്ചലിന്റെ വികസനം ത്വരിത ഗതിയിലായി.

ഇതിന്റെ ഫലം ദിവസനേ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ ക്ഷേമവും പുരോഗതിയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത് ലക്ഷ്യമിട്ടാണ് ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയതും കൃഷിക്കാവശ്യമായ വളവും മറ്റും അനായാസം ലഭ്യമാക്കിയതും. കര്‍ഷകര്‍ക്ക് തങ്ങളുടെ വരുമാനം ഇരട്ടിയാകുന്ന കാലം അധികം ദൂരെയല്ലെന്നും മോദി പറഞ്ഞു.