കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിക്കുന്നത്; പൊതുപരിപാടിയില്‍ വിതുമ്പി കുമാരസ്വാമി

single-img
15 July 2018

മുഖ്യമന്ത്രിയായതിന് ശേഷം തന്നെ അനുമോദിക്കാന്‍ പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മുഖ്യമന്ത്രിയായതിന് പിന്നാലെ വലിയ സമ്മര്‍ദ്ദത്തിലാണ് മുന്നോട്ടുപോകുന്നതെന്നും, മുഖ്യമന്ത്രി കസേരയെന്നത് ആളുകള്‍ കരുതുന്നതുപോലെ പട്ടുമെത്തയല്ലെന്നും മറിച്ച് മുള്ളുകിടക്കയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ ബൊക്കെയും പൂമാലയും നിരസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

‘നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാകും. എന്നാല്‍ ഞാന്‍ സന്തോഷവാനല്ല. വിഷത്തെക്കാള്‍ കഠിനമായ വേദന കടിച്ചിറക്കിയാണ് ഞാന്‍ കഴിയുന്നത്. എന്റെ പ്രസംഗം കേള്‍ക്കാന്‍ ഇപ്പോള്‍ വലിയ ആള്‍ക്കൂട്ടമുണ്ട്. എന്നാല്‍ വോട്ട് ചെയ്യേണ്ട സമയത്ത് അവര്‍ എന്റെ പാര്‍ട്ടിയെ മറന്നു.

ജനവിധിയെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ഹൃദയസംബന്ധമായ രണ്ട് സര്‍ജറി കഴിഞ്ഞിരിക്കുകയാണ് ഞാന്‍. എന്നിട്ടും യാതൊരു വിശ്രമവും കൂടാതെ തന്നെ ജോലി ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ടും ബന്ധുക്കളുടെ അനുഗ്രഹം കൊണ്ടും രാഷ്ട്രീയത്തിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെയും മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞു.

2006 ല്‍ എന്റെ അച്ഛന്റെ ആഗ്രഹങ്ങള്‍ക്ക് എതിരായി ഞാന്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് ഒരുപാട് വേദന ഞാന്‍ നല്‍കി. ആ സമയത്ത് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഞാന്‍ വേദനിപ്പിക്കുന്നതെന്നും എനിക്ക് അറിയില്ലായിരുന്നു’. കുമാരസ്വാമി പറഞ്ഞു.

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ‘കുമാരസ്വാമി ഞങ്ങളുടെ മുഖ്യമന്ത്രി അല്ല’ എന്ന മുദ്രാവാക്യം വൈറലായതിനെ തുടര്‍ന്നായിരുന്നു ധൃതി പിടിച്ചുള്ള കര്‍ണാടക മുഖ്യന്റെ അനുമോദനയോഗപ്രസംഗം. സംസ്ഥാനത്തെ റോഡിന്റെ ശോച്യാവസ്ഥയും, തങ്ങളുടെ വായ്പകള്‍ റദ്ദാക്കാത്തതിലുള്ള മത്സ്യത്തൊഴിലാളികളുടെ അമര്‍ഷവുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് പിന്നില്‍.