കുട്ടികളെ തട്ടികൊണ്ടുപോകുന്നുവെന്ന് വാട്‌സ്ആപ് ഗ്രൂപ്പില്‍ വ്യാജ പ്രചാരണം; ടെക്കിയെ ആള്‍ക്കൂട്ടം തല്ലികൊന്നു

single-img
15 July 2018

കുട്ടികളെ തട്ടികൊണ്ടു പോകാന്‍ വന്നതാണെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ടെക്കിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മൂന്ന് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാള്‍ ഖത്തര്‍ പൗരനാണ്. ഗൂഗിളില്‍ ജോലി ചെയ്യുന്ന യുവാവ് മുഹമ്മദ് അസാമാണ് കൊല്ലപ്പെട്ടത്.

മുഹമ്മദ് സല്‍മാന്‍, തല്‍ഹ ഇസ്മായില്‍, മുഹമ്മദ് സലാം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെല്ലാവരും ഹൈദരാബാദില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് അസാമും മറ്റ് നാല് പേരും ചേര്‍ന്ന് കാറില്‍ യാത്ര ചെയ്യുകയായിരുന്നു.

ഇതിനിടെ മുര്‍കി എന്ന സ്ഥലത്ത് കാര്‍ നിര്‍ത്തിയ സമയത്ത് അസാമിനൊപ്പമുണ്ടായിരുന്ന ഖത്തര്‍ പൗരന്‍ മുഹമ്മദ് സലാം സമീപത്തുണ്ടായിരുന്ന കുട്ടികള്‍ക്ക് മിഠായി നല്‍കി. ഇത് കണ്ട നാട്ടുകാരാനായ അമര്‍ പാട്ടീല്‍ എന്നയാള്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കുന്ന ചിത്രം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എന്ന നിലയില്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.

കുറഞ്ഞ സമയത്തിനുള്ളില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ തോതില്‍ ഈ വ്യാജവാര്‍ത്ത പ്രചരിച്ചു. മടങ്ങി പോവുകയായിരുന്ന സംഘത്തെ ഔറാദ് താലൂക്കിലെ മുര്‍ക്കി എന്ന ഗ്രാമത്തില്‍ വെച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ മൂവര്‍ക്കും നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശിയാണ് ആളുകളെ പിരിച്ചുവിട്ടത്. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആസാം മരിക്കുകയായിരുന്നു. പരിക്കേറ്റ ആസാമിന്റെ സുഹൃത്തുക്കളെ ഹൈദരാബാദിലേക്കു മാറ്റിയിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അമര്‍ പാട്ടീലിനെയും ഗ്രൂപ്പ് അഡ്മിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഇന്റര്‍നെറ്റില്‍ പ്രചരിച്ച ആള്‍ക്കൂട്ട അക്രമണത്തിന്റെ വീഡിയോയുടെ അടിസ്ഥാനത്തില്‍ 30 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍ വ്യാജപ്രചരണത്തില്‍ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുന്ന മൂന്നാമത്തെ സംഭവമാണിത്.