കനത്ത മഴ; സംസ്ഥാനത്തെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കൂടി നാളെ അവധി പ്രഖ്യാപിച്ചു

single-img
15 July 2018

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കൂടി നാളെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നേരത്തെ ആലപ്പുഴ കളക്ടർ അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മറ്റു നാല് ജില്ലകളിലെ കളക്ടർമാർ കൂടി അവധി പ്രഖ്യാപനം നടത്തിയത്.

അതേസമയം ആലപ്പുഴയിൽ മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും മറ്റു പരീക്ഷകൾക്കും മാറ്റമില്ല. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചതു പിൻവലിച്ചു. ഇതിനു പകരം ഈ മാസം 28നും തിങ്കളാഴ്ചത്തെ അവധിക്കു പകരം ഓഗസ്റ്റ് നാലിനും ക്ലാസുകൾ ഉണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.