തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; പതിനാറുകാരിക്ക് പൊള്ളലേറ്റു

single-img
14 July 2018

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെ പുരക്കല്‍ സൈനുദ്ദിന്റെ വീടാണ് മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തില്‍ വീടുനുള്ളില്‍ ഉറങ്ങിക്കിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. ശനിയാഴ്ച പുലര്‍ച്ചേ 1 മണിയോടെയായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മുന്‍വശത്തെ മുറിയില്‍ വല്യുമ്മക്ക് കൂട്ട് കിടന്നതായിരുന്നു പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. വല്യുമ്മ കട്ടിലിലായിരുന്നതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ മോഷണം നടക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കപെടുകയും ചെയ്തിരുന്നു.