മൂര്‍ഖനും ഉടുമ്പും തമ്മിലുള്ള പോരാട്ടം; അപൂര്‍വങ്ങളില്‍ അപൂര്‍വമായ ദൃശ്യം വൈറല്‍

single-img
14 July 2018

സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് വിനോദ സഞ്ചാരിയായ ഹെലന്‍ യങ്ങ് പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. പുലര്‍ച്ചെ കാറില്‍ സവാരിക്കിറങ്ങിയപ്പോഴാണ് ഈ അപൂര്‍വ ദൃശ്യം ഹെലന്‍ പകര്‍ത്തിയത്. ആഫ്രിക്കയില്‍ കാണപ്പെടുന്ന വലിയയിനം വിഷപ്പാമ്പുകളില്‍ ഒന്നാണ് ഈ മൂര്‍ഖന്‍ പാമ്പ്.

സാധാരണയായി രാത്രികാലങ്ങളിലാണ് ഇവ ഇരതേടാന്‍ ഇറങ്ങാറുള്ളത്. ഉടുമ്പിന് പിന്നാലെയെത്തിയ പാമ്പ് ആദ്യം അതിന്റെ വയറിനു സമീപത്തായി കടിച്ചു പിടിച്ചു. പിന്നീട് ഇഴഞ്ഞു നീങ്ങിയ ഉടുമ്പിന്റെ കഴുത്തിലായിരുന്നു പാമ്പിന്റെ വിഷപ്പല്ലുകള്‍ ആഴ്ന്നിറങ്ങിയത്.

ഒടുവില്‍ വിഷമേറ്റ് തളര്‍ന്നു പോയ ഉടുമ്പ് റോഡിനരികിലായി തളര്‍ന്നു വീണു. മറ്റൊരു വാഹനം റോഡിലൂടെ പോയപ്പോള്‍ മൂര്‍ഖന്‍ ഹെലന്റെ കാറിനടിയിലേക്ക് വലിയുകയും ചെയ്തു. അല്‍പനേരം കൂടി ഉടുമ്പിനെ ശ്രദ്ധിച്ചെങ്കിലും നാവ് പുറത്തേക്കിട്ട് ഉടുമ്പ് കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പാമ്പ് അല്‍പനേരം കഴിയുമ്പോള്‍ തന്റെ ഇരയെ വന്ന് ഭക്ഷിച്ചേക്കാമെന്ന പ്രതീക്ഷയില്‍ ഹെലന്‍ അവിടെനിന്നു മടങ്ങി. കിട്ടിയ സമയത്ത് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയായിരുന്നു ഹെലന്റെ മടക്കം.