ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹയടക്കം നാല് പേരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തു

single-img
14 July 2018

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുവന്ന സീറ്റുകളിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാല് പേരെ നാമനിര്‍ദേശം ചെയ്തു. ദളിത് കര്‍ഷക നേതാവായ രാം ഷക്കാല്‍, ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ, ശില്‍പി രഘുനാഥ് മോഹാപാത്ര, നര്‍ത്തകി സോനാല്‍ മാന്‍സിംഗ് എന്നിവരെയാണ് രാഷ്ട്രപതി പുതുതായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നടി രേഖ, വ്യവസായി അനു അഗഹ, അഭിഭാഷകന്‍ കെ. പര്‍സാരന്‍ എന്നിവരുടെ കാലാവധി അവസാനിച്ചതോടെയാണ് രാഷ്ട്രപതി പുതിയ പേരുകള്‍ നാമനിര്‍ദേശം ചെയ്തത്. ഇന്ത്യന്‍ ഭരണഘടനയിലെ 80(3) വകുപ്പ് പ്രകാരം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 12 പേരെ രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാം. നിലവില്‍ എട്ട് പേരെയാണ് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മോട്ടിലാല്‍ നെഹ്‌റു കോളേജിലെ പ്രൊഫസറും, തിങ്ക് താങ്ക് ഇന്ത്യ പോളിസി ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് രാകേഷ് സിന്‍ഹ. ഇതുകൂടാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ മെംബര്‍ കൂടിയാണ് ഇദ്ദേഹം.

60 വര്‍ഷമായി ഭരതനാട്യം, ഒഡീസി തുടങ്ങിയ നൃത്ത രൂപങ്ങളുടെ മുഖം തന്നെയാണ് സൊണാള്‍ മാന്‍സിംഗ്. 1977ല്‍ ഡല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സ് എന്ന സ്ഥാപനവും മാന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ട്.

ശില്‍പകലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തനാണ് രഘുനാഥ് മൊഹപത്ര. 1959 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം രണ്ടായിരത്തില്‍ അധികം ശിഷ്യസമ്പത്തിനുടമയാണ്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ ദളിത് നേതാവാണ് രാം ഷക്കല്‍.