ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പച്ചനിറം; പരാതി പറയരുതെന്ന് പാല്‍ കമ്പനി; സംഭവം പത്തനംതിട്ടയില്‍

single-img
14 July 2018

പത്തനംതിട്ടയില്‍ ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പച്ചനിറം. കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ഈ പ്രതിഭാസം കാണപ്പെട്ടത്. കുമ്പഴയില്‍ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലില്‍ ഒന്ന് ചായയ്ക്കായി തിളപ്പിച്ചപ്പോഴാണ് മുഴുവന്‍ പച്ചനിറമായത്.

മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു. സംഭവം ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തും മുന്‍പ് വിവരം അറിഞ്ഞെത്തിയ പാല്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ പാല്‍ ഏറ്റെടുത്ത് പകരം പുതിയ കവര്‍ പാല്‍ നല്‍കുകയും ആരോടും പരാതിപ്പെടരുതെന്ന് അറിയിച്ച് മടങ്ങുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

എന്നാല്‍ ഏത് കമ്പനിയുടെ പാലാണ് ഇതെന്ന് വീട്ടുകാര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം മില്‍മ കമ്പനിയുടെ പാല്‍ അല്ല ഇതെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കി. തങ്ങള്‍ ശുദ്ധമായ പാലാണ് നല്‍കുന്നതെന്നും മില്‍മ അധികൃതര്‍ പറഞ്ഞു.