കോഴിക്കോട് അജ്ഞാതന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

single-img
14 July 2018

കോഴിക്കോട്: അജ്ഞാതന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. താമരശേരി പുതുപ്പാടി കൈതപ്പൊയിലുള്ള മലബാര്‍ ഫിനാന്‍സ് ഉടമ സജി കുരുവിള(52)യാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലെ സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. ഈസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി.

റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പണമിടപാട് സ്ഥാപനത്തിനകത്തും തീപടര്‍ന്ന് നാശനഷ്ടങ്ങളുണ്ട്. കുരുവിള ഇരുന്ന കസേര കത്തിനശിച്ചു. ഭിത്തിയിലെ ഫാനും വയറിങ്ങും കത്തിയിട്ടുണ്ട്. രണ്ട് ലിറ്ററിന്റെ കുപ്പി നിറയെ പെട്രോള്‍ സ്ഥാപനത്തിനു പുറത്തെ വരാന്തയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

ബൈക്കിലെത്തിയ, ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. അക്രമിയുടേതെന്നു കരുതുന്ന ഹെല്‍മെറ്റും കോട്ടും കെട്ടിടത്തിന്റെ പിറകുവശത്തു കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തീ കൊളുത്താനുള്ള കാരണവും അറിവായിട്ടില്ല.

രണ്ടുദിവസം മുമ്പ് സ്ഥാപനത്തില്‍ വായ്പ ആവശ്യപ്പെട്ട് ഒരാള്‍ എത്തിയിരുന്നു. ഈട് ഹാജരാക്കാത്തതിനാല്‍ പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കുരുവിള ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

ഇയാളാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരുവിള പറഞ്ഞതായി പോലീസ് അറിയിച്ചു. ഈ വീഡിയോ പോലീസിനു കൈമാറിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയല്ലെന്നു കണ്ട് വിട്ടയച്ചു.