കാണാതായ ദിവസം ജെസ്‌ന ആണ്‍സുഹൃത്തുമായി പത്തുമിനിറ്റ് ഫോണില്‍ സംസാരിച്ചു; അന്വേഷണം വീണ്ടും ആണ്‍സുഹൃത്തിലേക്ക്

single-img
14 July 2018

പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്‌നയും തമ്മില്‍ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്നു പൊലീസിനു വിവരം കിട്ടി.

സൈബര്‍ സെല്ലിന്റെ പരിശോധനയിലാണു ഫോണ്‍വിളി സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്. ഈ സാഹചര്യത്തില്‍ ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. മുന്‍പു ചോദ്യം ചെയ്തപ്പോള്‍ ആണ്‍സുഹൃത്ത് ചോദ്യങ്ങളോടു നിഷേധാത്മക നിലപാടാണു സ്വീകരിച്ചത്.

ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായ അന്നു രാവിലെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുസമീപത്തുകൂടി ജെസ്‌നയോടു സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ആറുമിനിറ്റിനു ശേഷം ആണ്‍ സുഹൃത്തും നടന്നു വരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇക്കാര്യംകൂടി കണക്കിലെടുത്താണ് ആണ്‍സുഹൃത്തിനെ വിശദമായി ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്‌ന തന്നെയാണെന്നു പൊലീസ് നിഗമനം.

മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജെസ്‌നയെകണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് സിസിടിവിയില്‍ കണ്ടത് ജെസ്‌നയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്‌നയാണെന്ന് ഉറപ്പുപറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്‌നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്.