പി.ഡി.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അപകടകരമായ പ്രത്യാഘാതം; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മുഫ്തി

single-img
13 July 2018

ന്യൂഡല്‍ഹി: പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറിയ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി രംഗത്ത്. പി.ഡി.പിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം അപകടകരമാകും വിധത്തിലായിരിക്കുമെന്ന് മെഹബൂബ പറഞ്ഞു.

പി.ഡി.പിയില്‍ ഭിന്നത ഉണ്ടാക്കാനും ഇടപെടല്‍ നടത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെങ്കില്‍ അതിന്റെ അനന്തരഫലം ആപത്കരമാകും. കശ്മീരില്‍ വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലികും ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കുകയാണെന്നും മെഹബൂബ പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കരുതെന്നും അവര്‍ താക്കീത് ചെയ്തു. ഗവര്‍ണര്‍ ഭരണം തുടരുന്ന കശ്മീരില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. സഖ്യം പൊളിഞ്ഞ ശേഷം പി.ഡി.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പി നിരത്തിയത്.

അതേസമയം, കാശ്മീരില്‍ പി.ഡി.പിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാരുണ്ടാക്കാന്‍ നീക്കം നടക്കുകയാണ്. ഇതിന്റെ ഭാഗമായി മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ നിര്‍മല്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.