ചികിത്സയുടെ ഭാഗമായി തലമുടി മുറിച്ച് സോണാലി ബിന്ദ്ര

single-img
11 July 2018

അര്‍ബുദ രോഗത്തിന് കീമോ ചെയ്യുന്നതിന് മുന്നോടിയായി തലമുടി മുറിച്ച ചിത്രങ്ങള്‍ സോണാലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘ഞാന്‍ ശക്തയായി തിരിച്ചുവരും. ഒറ്റയ്ക്കല്ല, എനിക്കൊപ്പം പതിനായിരങ്ങള്‍ കൂടെയുണ്ട്. ‘ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സൊണാലി ചിത്രങ്ങള്‍ ഇട്ടിരിക്കുന്നത്.

തന്റെ പ്രിയ എഴുത്തുകാരി ഇസെബെല്‍ അലെന്‍ഡെയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് സോണാലിയുടെ കുറിപ്പ്. ‘പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമാണ് നമ്മുടെ ഉള്ളിലുള്ള അജ്ഞാത ശക്തിയെ നാം പോലും തിരിച്ചറിയുന്നത്. ദുരന്തവും യുദ്ധസമാന സാഹചര്യങ്ങളും ഉണ്ടാകുമ്പോള്‍ മനുഷ്യന്‍ അമാനുഷികനായി മാറുന്നു’. ഇങ്ങനെ തുടങ്ങുന്നു സോണാലിയുടെ കുറിപ്പ്.

പ്രിയ താരത്തിന് ക്യാന്‍സര്‍ ആണെന്ന് വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ മുതല്‍ നൂറുകണക്കിന് ആരാധകരാണ് നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. രോഗത്തെ മനോബലം കൊണ്ടും സഹന ശക്തി കൊണ്ടും അതിജീവിച്ച നിരവധി പേരുടെ കഥകള്‍ ഉള്‍പ്പെടെ ആരാധാകര്‍ പോസ്റ്റുചെയ്തു.

ആരാധകരുടെ പിന്തുണ തനിക്ക് വലിയൊരു മനോധൈര്യമാണ് നല്‍കുന്നതെന്നും ഇനിയും നിങ്ങളുടെ പിന്‍ബലവും പ്രാര്‍ത്ഥനയുമുണ്ടാകണമെന്നും സോണാലി എഴുതി. ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലാണ് താരം ഇപ്പോള്‍. ഭര്‍ത്താവ് ഗോള്‍ഡി കൂടെ തന്നെയുണ്ട്.