ഓവര്‍ സ്പീഡിന് പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

single-img
11 July 2018

വാഹനങ്ങളുടെ ഓവര്‍ സ്പീഡിന് അഞ്ചില്‍ കൂടുതല്‍ പെറ്റി വന്നിട്ടും അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത കമ്മിഷണര്‍ ആര്‍ടിഒമാര്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കള്‍ക്ക് അടക്കം ഒരിക്കല്‍ കൂടി നോട്ടീസ് അയയ്ക്കാന്‍ തീരുമാനമായതായും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ചില്‍കൂടുതല്‍ പിഴ വന്നവരുടെ ലിസ്റ്റ് കൊച്ചിയിലെ മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍റൂമില്‍ നിന്ന് ആര്‍.ടി.ഒ മാര്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നോട്ടീസ് അയയ്ക്കും. എന്നിട്ടും പെറ്റി അടയ്ക്കുന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും.

ഇതിന്റ പുരോഗതി വിലയിരുത്താന്‍ അടുത്ത ബുധനാഴ്ച കമ്മീഷണര്‍ ആര്‍.ടി.ഒ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. 33000 ലൈസന്‍സ് കഴിഞ്ഞവര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്ഥിരമായി പെറ്റി അടയ്ക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിന് വ്യക്തതതേടി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മതിയായ ജീവനക്കാരുണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു. പൊലീസിന്റ കൂടി സഹായം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസില്‍ മതിയായ ആളില്ലെന്ന് ഡിജിപി വ്യക്തമാക്കിയതോടെ തുടര്‍നടപടികള്‍ മുടങ്ങി.

കടപ്പാട്: മനോരമ