ജിഎന്‍പിസി ഫെയ്‌സ്ബുക് കൂട്ടായ്മയെ നിരോധിക്കാനുള്ള പൊലീസിന്റെ ശ്രമം പാഴായി

single-img
11 July 2018

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്‌ളേറ്റിലെ കറിയും (ജി.എന്‍.പി.സി) ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് എക്‌സൈസ് ഗള്‍ഫ് രാജ്യങ്ങളിലും അന്വേഷിക്കും. ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

അതിനിടെ ജിഎന്‍പിസി എന്ന ഫെയ്‌സ്ബുക് കൂട്ടായ്മയെ നിരോധിക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ടു പൊലീസ് കത്തു നല്‍കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്നു ഫെയ്‌സ്ബുക് മറുപടി നല്‍കി. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണു ഫെയ്‌സ്ബുക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയത്.

ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫെയ്‌സ്ബുക്കിനു പൊലീസ് കത്തയച്ചു. എന്നാല്‍ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്നാണു ഫെയ്‌സ്ബുക് മറുപടി നല്‍കിയത്. ഇതോടെ കേസ് നടപടികളും അന്വേഷണവും ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണു പൊലീസിന്റെ തീരുമാനം.

പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒളിവിലാണെന്ന് കുരുതുന്ന അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ജാമ്യം നിഷേധിച്ചാലുടന്‍ അറസ്റ്റ് ചെയ്യാനുമാണ് പൊലീസിന്റെ ശ്രമം. അതേസമയം പൊലീസ് നടപടികളെ വെല്ലുവിളിച്ചും അഡ്മിന് പിന്തുണ അറിയിച്ചും ജിഎന്‍പിസി കൂട്ടായ്മയില്‍ സന്ദേശങ്ങള്‍ സജീവമായി തുടരുകയാണ്. ജിഎന്‍പിസിക്കെതിരായ നടപടികള്‍ നിലനില്‍ക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് ഗ്രൂപ്പിന്റെ നിലപാട്.