ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണം സിനിമക്കെതിരെയാണ് നടക്കുന്നത്; നടന്‍ അജു വര്‍ഗീസ്

single-img
11 July 2018

പാര്‍വതിക്കെതിരെയും ‘മൈ സ്റ്റോറി’ക്കെതിരെയും നടക്കുന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്ക് ലൈവിലാണ് അജു സിനിമയെ പിന്തുണച്ച് രംഗത്തെത്തിയത്. ‘മൈ സ്റ്റോറി’ എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ചിത്രം വളരെ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണം സിനിമക്കെതിരെയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ബഡ്ജറ്റൊക്കെ വളരെ വലുതാണ്. ആ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലും ആണ്.

നല്ലൊരു പ്രണയ കഥയാണ് സസ്‌പെന്‍സുണ്ട്. അതുകൊണ്ട് ഈ ഒരു പ്രവണത ഒന്ന് കുറച്ചാല്‍ വളരെ നല്ലതായിരുന്നു. കാരണം എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈസ്റ്റോറിക്കുണ്ട്. അജു ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. നേരത്തെ, ചിത്രത്തിനെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടക്കുന്നതായി സംവിധായക റോഷ്‌നി ആരോപിച്ചിരുന്നു.

മമ്മൂട്ടി ചിത്രം കസബയുടെ പേരിലുണ്ടായ വിവാദത്തെ തുടര്‍ന്നാണ് പാര്‍വതിയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായത്. സിനിമയെക്കുറിച്ചുള്ള പാര്‍വതിയുടെ ചില വിവാദ പരാമര്‍ശങ്ങള്‍ ആരാധകര്‍ ഏറ്റ് പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ പാര്‍വതി അഭിനയിക്കുന്ന സിനിമകള്‍ക്ക് നേരെയും രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു.