വില്ലേജ് ഓഫീസുകളില്‍ ഇനി ചെരിപ്പിട്ടു കയറാം; കൗതുകകരമായ ഉത്തരവുമായി റവന്യുവകുപ്പ്

single-img
10 July 2018

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ ചെന്നാല്‍ ഇനിമുതല്‍ ചെരിപ്പൂരി പുറത്തുവെക്കേണ്ടതില്ലെന്ന് റവന്യുവകുപ്പ്. സംസ്ഥാനത്തെ പല വില്ലേജ് ഓഫീസുകളിലും പാദരക്ഷകള്‍ പുറത്തുവയ്ക്കണമെന്ന ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു റവന്യുവകുപ്പിന്റെ വിചിത്ര ഉത്തരവ്.

പൊതുജനങ്ങള്‍ പാദരക്ഷകള്‍ ഊരിവച്ച് വില്ലേജ് ഓഫിസുകളില്‍ പ്രവേശിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതു മേലാള-കീഴാള മനസ്ഥിതി ഉളവാക്കുന്നു. അതുകൊണ്ടു വില്ലേജ് ഓഫിസുകളില്‍ പാദരക്ഷകള്‍ ധരിച്ച് പ്രവേശിക്കുന്നതിനു പൊതുജനങ്ങളോട് തടസം പറയാന്‍ പാടില്ല.

ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതിന്റെ ആവശ്യമില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരെ ബോധ്യപ്പെടുത്തേണ്ടതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയെയോ ഗവര്‍ണറെയോ കാണാന്‍ പോലും ചെരിപ്പൂരിവയ്‌ക്കേണ്ടതില്ല. പിന്നെ വില്ലേജ് ഓഫിസര്‍മാരെ കാണാന്‍ എന്തിനു ചെരിപ്പൂരണമെന്നാണ് അദ്ദേഹത്തിന്റെ വാദം.