പൃഥ്വിരാജിനും പാര്‍വതിക്കുമെതിരെ സംവിധായിക റോഷ്‌നി ദിനകര്‍

single-img
10 July 2018

കൊച്ചി: കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പൃഥ്വിരാജ്-പാര്‍വതി ചിത്രമായ ‘മൈ സ്‌റ്റോറിക്കെതിരെ’ ഒരുസംഘം സാമൂഹിക മാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി സംവിധായിക റോഷ്‌നി ദിനകര്‍. നായിക പാര്‍വതിയുടെ
പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്തത്. റിലീസിന് മുമ്പേ സിനിമയ്‌ക്കെതിരെ പ്രചരണം ആരംഭിച്ചിരുന്നു. പാര്‍വതിയ്‌ക്കെതിരെ സഭ്യമല്ലാത്ത ഭാഷയിലായിരുന്നു പ്രചരണങ്ങള്‍. കുടുംബസമേതം സിനിമ കാണരുതെന്നും പാര്‍വതി അഴിഞ്ഞാടുകയാണെന്നും മറ്റുമാണ് പ്രചരിപ്പിച്ചത്.

കന്നഡ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ മലയാളത്തില്‍ ആദ്യം സംവിധാനം ചെയ്തതാണ് മൈ സ്റ്റോറി. മലയാളത്തില്‍ തുടരുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പ്രചരണമെന്ന് സംശയമുണ്ട്. 18 കോടി രൂപ ചെലവില്‍ രണ്ടു വര്‍ഷം കൊണ്ടാണ് സിനിമ ഒരുക്കിയത്.

സിനിമയുടെ പാട്ട് ഇറങ്ങിയതു മുതല്‍ ആസൂത്രിമായ ആക്രമണമാണ് നടക്കുന്നത്. വലിയ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍, കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്ത മോശമായ സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചരണങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നതായി റോഷ്‌നി പരാതിപ്പെട്ടു.

പൃഥ്വിയേയും പാര്‍വതിയേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സിനിമയിലെ വനിതാ കൂട്ടായ്മ അംഗം സജിത മഠത്തിലുമായി സംസാരിച്ചു. തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവരാരും സഹായിച്ചില്ല. ഫെഫ്ക ഉള്‍പ്പെടെ സംഘടനകള്‍ക്ക് പരാതി നല്‍കി.

മോഹന്‍ലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ സിനിമയില്‍ അഭിനയിച്ചവര്‍ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആര്‍ക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവര്‍ ഇതിനെതിരെ രംഗത്തുവരണമെന്നും റോഷ്‌നി പറഞ്ഞു. ബംഗളൂരുവില്‍ സൈബര്‍ സെല്ലിനും പരാതി നല്‍കിയതായും റോഷ്‌നി പറഞ്ഞു