കുടുംബവഴക്ക് പരിഹരിക്കാനായി വിളിച്ചുവരുത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു വൈദികനെതിരെയും പൊലീസ് കേസെടുത്തു

single-img
10 July 2018

കായംകുളം: കുടുംബപ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ ഓഫീസിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വൈദികനെതിരേ കായംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. ബിനു ജോര്‍ജി (42) നെതിരേയാണു കേസെടുത്തത്.

മാവേലിക്കര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിന്മേലാണ് കേസ്. കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പള്ളിയുടെ ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയായ വീട്ടമ്മയുടെ പരാതി. 2014 ലായിരുന്നു സംഭവം. ഇതിനു ശേഷം യുവതി ഭര്‍ത്താവുമൊത്ത് ഭദ്രാസന അധികാരികളെ കണ്ട് പരാതി നല്‍കിയിരുന്നു.

എന്നാല്‍ വൈദികനെ റാന്നിയിലേക്ക് മാറ്റി കേസ് ഒതുക്കിത്തീര്‍ത്തു. ഇതിന് ശേഷവും യുവതിയുടെ ഫോണിലേക്ക് ഫാദര്‍ ബിനു ജോര്‍ജ് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കായംകുളം സി.ഐ. അറിയിച്ചു. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. നേരത്തേ കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദികന്മാര്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വൈദീകര്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്.