തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കി: അംബാനിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ച മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

single-img
10 July 2018

ന്യൂഡല്‍ഹി: പ്രവര്‍ത്തനം തുടങ്ങാത്ത റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനത്തിനുള്ള ശ്രേഷ്ഠപദവി. മാനവശേഷി വികസന മന്ത്രാലയം ഈ ഉന്നത പദവിക്ക് തെരഞ്ഞെടുത്ത രാജ്യത്തെ ആറു സ്ഥാപനങ്ങളിലൊന്നാണ് കോര്‍പറേറ്റ് സംരംഭമായ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്.

അതേസമയം, ഡല്‍ഹിയിലെ പ്രമുഖമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്ക് ശ്രേഷ്ഠപദവിയില്ല. റിലയന്‍സിനെ കൂടാതെ, ബിര്‍ല ഗ്രൂപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ എന്നീ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് ശ്രേഷ്ഠ പദവി.

പ്രധാനമന്ത്രിയുടെ ക്വാളിറ്റി ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ആറ് സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി ലഭിച്ചിരിക്കുന്നത്. ഇതിലെ കൗതുകകരമായ വസ്തുത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത് അല്ലാതെ പ്രവര്‍ത്തനം തുടങ്ങിയിട്ട് പോലുമില്ല എന്നതാണ്.

മുകേഷ് അംബാനിയെയും നിതാ അംബാനിയെയും സംതൃപ്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ശ്രേഷ്ഠ പദവി നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ലോകറാങ്കില്‍ വരില്ലെന്ന കാരണം പറഞ്ഞ് ഇത് ആറായി ചുരുക്കുകയായിരുന്നു. ജെ.എന്‍.യു ഉള്‍പ്പെടെയുള്ള 114 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദവിക്കായി അപേക്ഷിച്ചിരുന്നു.

11 കേന്ദ്ര സര്‍വകലാശാലകളും സംസ്ഥാന സര്‍വകലാശാലകളും പ്രമുഖ ഐ.ഐ.ടികളും പദവിക്കായി അപേക്ഷിച്ചിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന പദവിക്കൊപ്പം ശ്രേഷ്ഠ പദവി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും മാനവശേഷി മന്ത്രാലയത്തില്‍ നിന്ന് 1000 കോടി രൂപ വീതം സഹായം ലഭിക്കും.